കൊച്ചി: ദിവ്യാംഗനും പാരലിമ്പിക്‌സ് പഞ്ചഗുസ്തി ലോകചാമ്പ്യനുമായ ജോബി മാത്യുവിനെതിരെ പോലീസ് കള്ളക്കേസെടുത്തതായി പരാതി. ചൊവ്വാഴ്ച കൊച്ചി റിന്യൂവല്‍ സെന്ററില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ അതിഥിയായിരുന്നു ജോബി മാത്യു. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ എടത്തലയില്‍ വച്ചാണ് ജോബി മാത്യുവിനും കുടുംബത്തിനും പോലീസില്‍ നിന്നും ദുരനുഭവം ഉണ്ടായത്. മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനം അല്‍പ്പം മാറ്റി ഇടാന്‍ ജോബി മാത്യു ആവശ്യപ്പെട്ടു. പിന്നീട് പോലീസ് വാഹനം മറികടന്ന് പോവുകയും ചെയ്തു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ പോലീസ് വാഹനം ജോബിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിപ്പിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലീസുകാരന്‍ ശ്രമിച്ചതോടെ ജോബി ഫോണ്‍ പിടിച്ചു വാങ്ങി. ഇത് പിന്നീട് എസ്പി ഓഫീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഗവര്‍ണറുടെ പരിപാടിയില്‍ പങ്കെടുത്തശേഷം തനിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ പരാതി നല്കുകയും ചെയ്തിരുന്നു. ഇക്കാര്യം റൂറല്‍ എസ്പി ഓഫീസില്‍ അപ്പോള്‍ത്തന്നെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കളമശ്ശേരി പോലീസ് ക്യാമ്പിലെ ഡ്രൈവര്‍ സരിന്‍ ദാസിന്റെ പരാതിയില്‍ തനിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതായി അറിഞ്ഞതെന്ന് ജോബി പറഞ്ഞു.
പോലീസ് ഡ്രൈവറെ മര്‍ദിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് എടത്തല പോലീസ് എടുത്ത കേസില്‍ ജോബിക്കെതിരെ ചുമത്തിയത്.
ദിവ്യാംഗനായ ജോബി മാത്യുവിന് മറ്റൊരാളെ ശാരീരികമായി ഉപദ്രവിക്കാന്‍ സാധിക്കില്ലെന്നിരിക്കെയാണ് പോലീസ് കള്ളക്കേസ് ചമച്ചിരിക്കുന്നത്. ഒരു ഭീകരനെപോലെയാണ് പോലീസ് ജോബിയുടെ കുടുംബത്തോട് പെരുമാറുന്നത്. ഇന്നലെ വെളുപ്പിന് ജോബിയുടെ വീട്ടില്‍ എത്തിയ പോലീസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പരാതിയുമായും മുന്നോട്ടുപോവുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്താല്‍ ഇനിയൊരിക്കലും കായികമത്സരങ്ങളില്‍ പങ്കെടുക്കാനാവാത്തവിധം കൈകാര്യം ചെയ്യുമെന്നാണ് പോലീസിന്റെ ഭീഷണിയെന്നും ഇവര്‍ പറഞ്ഞു.
















