പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഏറെ ഫലപ്രദമായ മരുന്നാണ് തേൻ. പല പോഷകഗുണങ്ങളുമുണ്ടതിൽ. ചർമത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും തേൻ കഴിക്കാറുണ്ട്. ദഹനപ്രശ്‌നങ്ങൾക്കും പ്രതിരോധശേഷിക്കും തേൻ നല്ലതാണ്. മാത്രമല്ല, തൊണ്ടവേദനയ്‌ക്കും തേൻ ഗുണകരം തന്നെ. വൈറ്റമിനുകളും പൊട്ടാസ്യം, കാൽസ്യം, അയൺ തുടങ്ങിയവയും ആന്റി ഓക്‌സിഡന്റുകളും തേനിൽ സുലഭമായുണ്ട്. ഇത്രയും ആരോഗ്യവശങ്ങളുള്ള തേൻ വീട്ടിൽ സൂക്ഷിക്കുന്നതെങ്ങനെയെന്ന് അറിയാമോ?
വൃത്തിയിൽ നന്നായി അടച്ചുവെച്ചാൽ തേൻ എത്ര നാൾ വേണമെങ്കിലും കേടാകാതിരിക്കും. തേൻ സൂക്ഷിക്കുന്ന കുപ്പി മുറുക്കി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കാരണം ശരിയായി അടച്ചില്ലെങ്കിൽ ചുറ്റുപാടുകളിൽനിന്നുള്ള ദുർഗന്ധം എളുപ്പത്തിൽ ആഗിരണം ചെയ്യും. പ്ലാസ്റ്റിക് കുപ്പിയേക്കാൾ തേൻ ഒഴിച്ചുവെക്കാൻ നല്ലത് ഗ്ലാസിന്റെ കുപ്പിയാണ്.
പലരും തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. പെട്ടെന്ന് കട്ടിയായി പോവുമെന്നതാണ് ഇതിന്റെ പ്രശ്‌നം. ഫ്രിഡ്ജിൽവെച്ച തേൻ നിറച്ച കുപ്പി ചൂടുവെള്ളത്തിൽ ഇറക്കിവെച്ച് ചൂടാക്കിയെടുക്കാം. ഒരുപാട് ചൂടുള്ള വെള്ളത്തിൽ വെക്കണമെന്നില്ല, ചെറുചൂടുവെള്ളമാണ് നല്ലത്. എന്നിട്ട് ഉപയോഗിക്കാം.
ഒരുപാട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത് തേൻ സൂക്ഷിക്കരുത്. അധികം ചൂടേൽക്കാത്ത ഇടത്തുവെക്കുന്നതാണ് കൂടുതൽ ഗുണകരം.
നല്ലതെങ്ങനെ തിരിച്ചറിയാം?
ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുക. നല്ല തേനാണെങ്കിൽ വെള്ളത്തിൽ അലിയാതെ, ഗ്ലാസിന്റെ താഴ്ഭാഗത്ത് അടിഞ്ഞുകൂടും. മായം ചേർന്നതാണെങ്കിൽ, വെള്ളത്തിൽ അലിയാൻ തുടങ്ങുകയാണ് ചെയ്യുന്നത്.
ഒരു ബ്ലോട്ടിങ് പേപ്പർ അല്ലെങ്കിൽ തുണിയെടുത്ത് അതിലേക്ക് കുറച്ചു തുള്ളി തേൻ ഒഴിക്കുക. നല്ല തേനാണെങ്കിൽ, പേപ്പറിലും തുണിയിലും ആഗിരണം ചെയ്യപ്പെടില്ല. അതേപോലെ നിലനിൽക്കും. മായം ചേർന്നിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് ആഗിരണം ചെയ്യും. പേപ്പറിൽ നനവും പടരും.
അല്പം വെള്ളത്തിൽ തേൻ ചേർത്ത്, അതിലേക്ക് കുറച്ച് തുള്ളി വിനാഗിരിയും ഒഴിക്കുക. ശുദ്ധമായ തേൻ ഒരു മാറ്റവുമില്ലാതിരിക്കും.
















