ന്യൂദല്‍ഹി: ആധുനിക യുദ്ധവിമാനങ്ങളില്‍ ഒന്നായ റഫാല്‍ യുദ്ധവിമാനം നല്‍കി ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച രാജ്യമാണ് ഫ്രാന്‍സ്. ഇപ്പോഴിതാ ചൈനയെപ്പോലും ഭയപ്പെടുത്തുന്ന മറ്റൊരു ആയുധം ഇന്ത്യയ്‌ക്ക് നല്‍കുകയാണ്. നല്‍കുക എന്നല്ല, ഇന്ത്യയില്‍ തന്നെ സംയുക്തസംരംഭമായി ഉല്‍പാദിപ്പിക്കാന്‍ സമ്മതിച്ചിരിക്കുകയാണ് ഫ്രാന്‍സ്. ഇതാണ് ഹാമര്‍ എന്ന ബോംബ്.
ആകാശത്ത് യുദ്ധവിമാനങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്ന ഹാമര്‍ ബോംബ് 20 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് സ്വയം പറന്ന് ചെന്ന് സ്ഫോടനമുണ്ടാക്കും. സ്ഫോടനമുണ്ടാക്കുക മാത്രമല്ല, കട്ടിയുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലൂടെ തുളച്ചുകയറി സ്ഫോടനമുണ്ടാക്കി ശത്രുവിന് നാശം വിതയ്‌ക്കുകയും ചെയ്യും. ശക്തമായി ബലപ്പെടുത്തിയ രഹസ്യഅറകളായ ബങ്കറുകളെയും ബഹുനിലക്കെട്ടിടങ്ങളേയും തുളച്ച് കടന്ന് തകര്‍ക്കാന്‍ മിടുക്കനാണ് ഹാമര്‍ ബോംബ്.
ഇതില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും ആഹ്ളാദകരമായ വാര്‍ത്ത ഈ ഹാമര്‍ ബോംബ് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും എന്നതാണ്. ഇതിനായി ഫ്രാന്‍സിന്റെ സഫ്രാന്‍ ഇലക്ട്രോണിക്സ് ആന്‍റ് ഡിഫന്‍സ് കമ്പനിയും ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും കരാറില്‍ ഒപ്പിട്ടു. ഇതനുസരിച്ച് ഹാമര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. ഹാമര്‍ എന്നതിന്റെ മുഴുവന്‍ പേര് ഹൈലി അജൈല്‍ മോഡുലാര്‍ മ്യൂണിഷന്‍ എക്സ്റ്റെന്‍ഡഡ് റേഞ്ച് എന്നാണ്. ഒരു സംയുക്തസംരംഭമെന്ന നിലയില്‍ ഇന്ത്യയിലാണ് ഹാമര്‍ നിര്‍മ്മിക്കുക.
125 കിലോഗ്രാം, 250 കിലോഗ്രാം, 500 കിലോഗ്രാം, 1000 കിലോഗ്രാം തുക്കങ്ങളിലുള്ള ബോംബുകള്‍ക്കൊപ്പം ജിപിഎസ്, ഇന്‍ഫ്രാറെഡ്, ലേസര്‍ മാര്‍ഗ്ഗങ്ങളിലൂടെ ലക്ഷ്യസ്ഥാനം കണ്ടെത്തി കുതിച്ചുചെന്ന് അടിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ശം നല്‍കുന്ന സംവിധാനവും ഇതോടൊപ്പം ഉണ്ട്. ഈ രണ്ട് സംവിധാനങ്ങളും കൂടിച്ചേരുന്നതാണ് ഒരു ഹാമര്‍. ഫ്രാന്‍സാകട്ടെ ഈ ഹാമറിനെ അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടുമിരിക്കുകയാണ്.
ആത്മനിര്‍ഭര്‍ ഭാരത് എന്ന നിലയ്‌ക്ക് ഇതിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുന്ന രീതിയിലാണ് കരാര്‍. ഇതിന്റെ സാങ്കേതികവിദ്യ സഫ്രാന്‍ ഇന്ത്യയ്‌ക്ക് കൈമാറും. നാവികസേനയുടെയും വ്യോമസേനയുടെയും റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നും ഹാമര്‍ തൊടുക്കാന്‍ കഴിയും. ആകാശത്ത് നിന്നും ഭൂമിയിലേക്ക് തൊടുക്കാന്‍ കഴിയുന്ന ഫ്രാന്‍സ് വികസിപ്പിച്ച ആധുനിക ആയുധമാണ് ഹാമര്‍ ബോംബ്. 50-50 എന്ന തുല്യ പങ്കാളിത്തത്തോടെയായിരിക്കും നിര്‍മ്മാണം.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഹാമര്‍ ഉപയോഗിച്ചിരുന്നു. ജെയ്ഷ് എ മുഹമ്മദ്, ലഷ്കറെ ത്വയിബ എന്നീ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത് റഫാലില്‍ നിന്നും മൂളിപ്പറന്ന ഈ ഹാമര്‍ ബോംബുകളാണ്. ഇതിനെ തകര്‍ക്കാന്‍ ചൈന നല‍്കിയ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് കഴിയാതെ പോയി. ഇപ്പോള്‍ ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു എന്നത് പാകിസ്ഥാനും ചൈനയ്‌ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കും. ഇന്ത്യയില്‍ നിര്‍മ്മിച്ച് തുടങ്ങിയാല്‍ ഇന്ത്യയ്‌ക്ക് ഇത് കൂടുതലായി നിര്‍മ്മിക്കാന്‍ സാധിക്കും.
2016ല്‍ ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഉയര്‍ന്ന വില കാരണം ഹാമര്‍ ബോംബുകള്‍ വാങ്ങിയില്ല. പിന്നീടാണ് 300 കോടി തുക അനുവദിച്ച് റഫാലില്‍ ഉപയോഗിക്കാവുന്ന ഹാമര്‍ ബോംബുകള്‍ വാങ്ങിയത്. ഇത് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് വലിയ നേട്ടം ഉണ്ടാക്കിക്കൊടുത്തിരുന്നു. കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് പതിക്കും എന്നതാണ് ഹാമര്‍ ബോംബുകളുടെ പ്രത്യേകത. പാക് ഭീകരവാദകേന്ദ്രങ്ങളില്‍ കൃത്യതയോടെ എല്ലാ ഹാമര്‍ ബോംബുകളും ചെന്ന് പതിക്കുകയും ചെയ്തു.
















