കൊച്ചി: കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടിയെടുത്തതോടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ പരാതി നല്‍കിയ കശുവണ്ടി വ്യവസായിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കശുവണ്ടി ഇറക്കുമതിയുടെ പേരില്‍ 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കൊല്ലം സ്വദേശി അനീഷ് ബാബുവിനെതിരായ കേസ്. പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ല.
കൊട്ടാരക്കരയിലെ വീടും റബ്ബര്‍ എസ്റ്റേറ്റും രണ്ട് കമ്പനികളും ഉള്‍പ്പെടെ അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഞ്ചരക്കോടിയുടെ സ്വത്തുക്കള്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതോടെയാണ് നടപടിയെടുത്ത ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാണിച്ച് അനീഷ് പരാതി നല്‍കിയത്. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്.
















