പത്തനംതിട്ട: കരിമാന്‍തോട് തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടിയെ കാണാനില്ലെന്ന് പരാതി. നാല് വയസുളള യദുകൃഷ്ണനെയാണ് കാണാതായത്.
അപകടത്തില്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന ഏഴുവയസുകാരി മരിച്ചു.കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആദിലക്ഷ്മിയാണ് മരിച്ചത്.മറ്റ് കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.യദുകൃഷ്ണനെ കാണാനില്ലെന്ന് പിന്നീട് മാതാപിതാക്കളാണ് അറിയിച്ചത്.
ഈ സാഹചര്യത്തില്‍ അപകടസ്ഥലത്ത് അഗ്നിരക്ഷാ പരിശോധന നടത്തുകയാണ്.വെളിച്ചം ഉള്‍പ്പെടെ എത്തിച്ചാണ് പരിശോധന.വനമേഖലയില്‍ തോടിന്റെ ആഴമുളള ഭാഗത്താണ് അപകടമുണ്ടായത്.
കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം .
റോഡിന് കുറുകെ പാമ്പിനെ കണ്ട ഡ്രൈവര്‍ ഓട്ടോ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആദിലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി രാജേഷ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. സാരമായ പരിക്കേറ്റ മറ്റ് കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.
















