കോട്ടയം: മോഷ്ടാക്കള്‍ അയ്യപ്പന്‍മാരുടെ വേഷത്തിലും എത്താമെന്നും ശബരിമല തീര്‍ഥാടകര്‍ കരുതല്‍ പാലിക്കണമെന്നും പൊലീസ്. എരുമേലിയിലും പരിസരപ്രദേശങ്ങളിലും മുന്നറിപ്പിനൊപ്പം സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്‌സും പൊലീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പേട്ട തുള്ളല്‍വഴിയിലും കുളിക്കടവിലും മറ്റുമാണ് മോഷ്ടാക്കള്‍ മുഖ്യമായും കേന്ദ്രീകരിക്കുന്നത്. അയ്യപ്പന്‍മാരുടെ വേഷത്തിലെത്തുന്ന ഇവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്നുള്‍പ്പെടെ മോഷ്ടാക്കള്‍ എരുമേലിയില്‍ എത്തുന്നുണ്ട്. വ്യാപകമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എരുമേലിയില്‍ മഫ്തി പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും ബൈക്കിലും ജീപ്പിലും റോന്തുചുറ്റുന്നുണ്ടെന്നും എരുമേലി എസ്എച്ച്ഒ ഇ.ഡി. ബിജു പറഞ്ഞു.
















