കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിനെ ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൈവിലങ്ങ് അണിയിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഇങ്ങിനെ നടപടി എടുത്താല്‍ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരൂമാനമെന്നറിയുന്നു.
എആര്‍ ക്യാമ്പിലെ ഒരു എസ് ഐയും നാല് പൊലീസുകാരും ആണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊല്ലത്തെ വിജിലന്‍സ് കോടതിയിലേക്ക് വാസുവിനെ കയ്യാമം വെച്ച് കൊണ്ടുപോയത്. കയ്യില്‍ വിലങ്ങ് വെയ്‌ക്കുന്ന കാര്യം വാസുവിനെ അറിയിച്ചിരുന്നുവെന്നും വാസുവിന്റെ അനുമതിയോടെയാണ് വിലങ്ങണിയിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് അന്വേഷിച്ച ഏആര്‍ കമാന്‍റന്‍റിന് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും പ്രതികളെ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കം പാലിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു.
എന്‍.വാസുവിനെ വിലങ്ങണിയിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. ഭാരതീയ ന്യായ സംഹിത പ്രകാരം ഏതൊക്കെ പ്രതികളെ കൈവിലങ്ങ് അണിയിക്കാമെന്ന് വിശദീകരിച്ചിട്ടുണ്ട്. അതിന് എതിരായാണ് വാസുവിനെ കൈവിലങ്ങ് അണിയിച്ചതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. പൊലീസിനെ ആക്രമിക്കാനോ ഓടി രക്ഷപ്പെടാനോ സാധ്യതയില്ലാത്ത പ്രതിയെ വിലങ്ങണിയിക്കരുതെന്നതാണ് പൊതുച്ചട്ടം. ഇത് പാലിച്ചില്ലെന്നതാണ് പൊലീസുകാര്‍ക്കെതിരായ ആക്ഷേപം. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍,ദേവസ്വം പ്രസിഡന്‍റ് എന്നീ ഉന്നതപദവികള്‍ വഹിച്ച വ്യക്തിയാണ് എന്‍.വാസു. അതിനാല്‍ അതിന്റെ ഒരു ബഹുമാനം നല്‍കണമായിരുന്നു എന്നതാണ് പൊതുവികാരം. കയ്യാമം വെച്ച പൊലീസുകാര്‍ വാസുവിന്റെ പ്രായവും പരിഗണിച്ചില്ല എന്ന അഭിപ്രായവും ഉയരുന്നു. .
നേരത്തെ ഡിജിപി ഇക്കാര്യത്തില്‍ എഡിജിപി വെങ്കിടേഷിനോട് തന്റെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയല്ലേ,അതിനാലല്ലേ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതുകൊണ്ട് തന്നെ കയ്യാമം വെച്ചുകൂടേ എന്ന മറുചോദ്യവും ഉയര്‍ന്നിരുന്നു. പക്ഷെ എന്‍.വാസു ശബരിമലസ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയാണെങ്കിലും അദ്ദേഹം ഇരുന്ന പൂര്‍വ്വപദവികളെ ബഹുമാനിക്കണം എന്നതായിരുന്നു ഇതിനെ ഉയര്‍ന്ന വാദം. എന്തായാലും ഇപ്പോള്‍ കയ്യാമം അണിയിച്ച എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും എതിരെ നടപടി എടുക്കേണ്ടതില്ല എന്നതാണ് പുതിയ തീരുമാനം.
















