തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയായ സിപിഎം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള എസ്ഐടി അപേക്ഷ ഇന്ന് പരിഗണിക്കും. കോടതിയിൽ ഹാജരാക്കാൻ എ പത്മകുമാറിനെ കൊണ്ടുവരുമ്പോൾ വിലങ്ങ് വയ്‌ക്കരുതെന്ന് പോലീസിന് നിർദേശം നൽകി.
ദേവസ്വം മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ കൈവിലങ്ങ് വെച്ചത് ഏറെ ചർച്ചയായിരുന്നു.
സംഭവം ഭാരതീയ ന്യായ സംഹിതയിൽ (ബിഎൻഎസ്) നൽകിയിരിക്കുന്ന നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ പത്മകുമാറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ വിലങ്ങ് അണിയിക്കരുതെന്ന് പോലീസിന് നിർദേശം നൽകിയത്.
















