ഈ വര്‍ഷം കാസര്‍കോട് സ്‌കൂള്‍ കലോത്സവത്തില്‍ ഗാസക്കുവേണ്ടി ഐക്യദാര്‍ഢ്യ സ്‌കിറ്റും, ഇപ്പോള്‍ മലപ്പുറം ജില്ലാ കലോത്സവത്തില്‍ ഭാരതത്തിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും ആക്ഷേപിക്കുന്ന പരിപാടിയും അരങ്ങേറി. കേരള സമൂഹത്തിന്റെ പൊതു ബോധത്തെ മുഴുവന്‍ അവഹേളിക്കുന്ന രീതിയിലുള്ള പച്ചപുലഭ്യം കൊണ്ടുള്ള അഭിഷേകം നടത്തുന്ന നാടകത്തിന് ഒന്നാം സ്ഥാനം നല്‍കിയത്, മലപ്പുറത്ത് ഇതെല്ലാം ആവാം എന്ന തെറ്റായ സന്ദേശം നല്‍കാനോ? സീതയെക്കൊണ്ട് രാമനേ എന്തും വിളിപ്പിക്കാന്‍ ഞങ്ങള്‍ വളര്‍ന്നു എന്ന് ചിലരെ ധരിപ്പിക്കാനോ? അതോ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അടുത്ത വര്‍ഷത്തെ കച്ചവടം കൂടുതല്‍ തുകക്ക് ഉറപ്പിക്കാനോ? രണ്ട് വര്‍ഷം മുമ്പാണ് ഇതേ നാടക സംവിധായകന്‍ ‘കിത്താബ്’ എന്ന നാടകം രംഗത്ത് എത്തിച്ചത്. ഈ നാടകം അത്തരം പ്രവര്‍ത്തനങ്ങളുടെ മറ്റൊരു ഉദാഹരണം മാത്രമാണ്. ഇപ്രകാരമുള്ള മതനിന്ദ, രാഷ്‌ട്രീയ പകപോക്കല്‍, പൈതൃക നിഷേധം, സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കല്‍ എന്നിവ യുവജനോത്സവ വേദികളില്‍ ഒട്ടും അഭിലഷണീയമല്ല.
‘കിത്താബ്’ നാടകത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിക്കുന്നവരാണ് അതിന് മുന്‍ വര്‍ഷം ബീഫ് നിരോധനം എന്ന വിഷയമെടുത്ത് രാഷ്‌ട്രീയ – മതനിന്ദകളിലൂടെ അരങ്ങ് തകര്‍ത്ത് ആടിയതിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് എന്നത് പ്രതികരണത്തിലേയും പ്രതിഷേധത്തിലേയും പക്ഷപാതിത്തവും എടുത്ത് പറയുന്നു.
ഈ സാഹചര്യത്തില്‍ കലാമേളയിലെ മാനുവലുകളുടെ പരിഷ്‌കരണം പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മാത്രമല്ല നിലവിലെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ട് അനഭിലഷണീയമായ പ്രവണതകള്‍ വളര്‍ത്തുന്നതിന് തടയിടാനും കൂടിയായിരിക്കണം. അതുകൊണ്ടുതന്നെ പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തുന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കലോത്സവത്തിനും പെരുമാറ്റച്ചട്ടം രൂപീകരിക്കേണ്ടണ്ടിയിരിക്കുന്നു.
മുന്‍കാലങ്ങളില്‍ കലോത്സവങ്ങളിലൂടെ അര്‍ത്ഥമാക്കുന്ന ”വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാനസികോല്ലാസവും കലാഭിമുഖ്യവും” വഴിമാറി, ഉദ്ദേശശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന അപകടസ്ഥിതി സംജാതമാക്കിക്കൊണ്ടിരിക്കുന്ന സമയത്ത് കലയുടെ വാണിജ്യവല്‍ക്കരണത്തെയും അനാരോഗ്യകരമായ ബാഹ്യ ഇടപെടലുകളെയും അമിതാഡംബരത്തെയും ഗ്രേസ് മാര്‍ക്കിനുള്ള ആകര്‍ഷണീയതയേയും രക്ഷിതാക്കളുടെ വികലമായ ഉല്‍കണ്ഠയേയും ധനദുര്‍വിനിയോഗങ്ങളെയും എല്ലാം തടയുന്നതിന് വേണ്ടി കലോത്സവ നടത്തിപ്പിനെക്കുറിച്ച് വീണ്ടുവിചാരം നടത്തുകയും ചെയ്തിട്ടുണ്ട് എന്ന് അവകാശപ്പെടുമ്പോള്‍, പുതിയ തെറ്റായ പ്രവണതകളെ പരിഗണിച്ചുകൊണ്ട് മാനുവലുകള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
2008 ലാണ് ഇപ്രകാരം മത്സരങ്ങളുടെ പട്ടികയും നിയമാവലികളും നടത്തിപ്പ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കലോത്സവമാനുവല്‍ പരിഷ്‌കരിക്കുന്നത്. തുടര്‍ന്ന് 2012ലും 17 ലും 18ലും 24ലും എല്ലാം പരിഷ്‌കരിക്കുകയുണ്ടായി. കുട്ടികളില്‍ നന്മയും ഭാവാത്മക കാഴ്ചപ്പാടും വളര്‍ത്തി എടുക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരം പരിപാടികള്‍ വേദിയാക്കേണ്ടത്. അധ്യാപകരുടേയും മറ്റു ചിലരുടേയും രാഷ്‌ട്രീയ-സാമൂഹ്യ ചിന്തകള്‍ അവതരിപ്പിക്കാനുള്ള വേദിയായി കലോത്സവങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. നാടകവും നാടോടി നൃത്തവും മോണോആക്ടും ചിത്രരചനയും എല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാഷ്‌ട്രീയവത്കരിക്കപ്പെട്ട ഇടങ്ങള്‍ ആണ്. വിദ്യാലയ വേദികളില്‍ അരങ്ങേറുന്ന കലകളിലൂടെ നന്മകളെ എടുത്തുകാട്ടലാണ് നടക്കേണ്ടത്. നിന്ദയും നിഷേധവും നിരാകരണവും മാത്രമല്ല സാമൂഹ്യ വിമര്‍ശനം.
അത് നേരും നന്മയും നിര്‍മ്മലതയും നേടുന്നതുമാണ്.
വീരനാട്യവും കിത്താബും ബൗണ്ടറിയുമെല്ലാം ചില അധ്യാപകരുടെയും മാനേജ്മെന്റിന്റെയും രാഷ്‌ട്രീയ ആയുധമായിരുന്നു. അതില്‍ കരുവാക്കിയത് വിദ്യാര്‍ത്ഥികളുടെ നടന മികവിനെയാണ്. കാവാലത്തിന്റെ നാടകങ്ങളും എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളും നാടക സംസ്‌കാരത്തിന് പുതിയ മാനം നല്‍കിയ പാരമ്പര്യമാണ് നമ്മുടെ യുവജനോത്സവ നാടക വേദിക്കുള്ളത്. പുരാണകഥകളെ പുനര്‍വായന നടത്തിയ കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനത്തിലെ പല സന്ദര്‍ഭങ്ങളും യയാതിയായും, യുദ്ധത്തിന്റെ പരിണാമമായും അശ്വത്ഥാമാവായും അരങ്ങു തകര്‍ത്ത കാലം ഉണ്ടായിരുന്നു. കുട്ടികളിലെ അഭിനയമികവിനെ, എഴുത്തിലെ സര്‍ഗ്ഗാത്മകതയെ നിറങ്ങളിലെ ഭാവനയെ സൃഷ്ടിപരമായി ഉപയോഗിക്കുന്നതിനും അവതരിപ്പിക്കുന്നതിനും അവസരം ഒരുക്കണം. അതിന് വേദിയില്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പെരുമാറ്റച്ചട്ടം തയ്യാറാക്കുന്നത് നല്ലതായിരിക്കും.
കലയും സാഹിത്യവും മനുഷ്യമനസ്സിനെ നിരന്തരം നവീകരിക്കുകയും സാമൂഹിക പരിണാമങ്ങളില്‍ മാനവിക മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും രൂപീകരിക്കാന്‍ സഹായിക്കുകയും ചെയ്യും എന്ന തിരിച്ചറിവിന്, കലയുടെ നന്മയും വിശുദ്ധിയും ആഴത്തില്‍ അടയാളപ്പെടുത്തിക്കൊണ്ട് ഒരു സമൂഹത്തെ സൃഷ്ടിക്കണം എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കണമെങ്കില്‍ ഇന്നത്തെ ഈ അപചയത്തെയും അപഭ്രംശങ്ങളെയും നേര്‍വഴിക്ക് കൊണ്ടുവരാനുള്ള ശക്തമായ ഇടപെടല്‍ ആവശ്യമാണ്. കലയ്‌ക്കു മുന്‍തൂക്കം നല്‍കി, ധനവ്യയം കുറച്ച്, ബഹുജന പങ്കാളിത്തത്തോടെ, വിവാദങ്ങള്‍ക്ക് ഇടവരാതെ, നാലു തലങ്ങളിലെയും കലോത്സവങ്ങള്‍ നടത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളായാണ് മാനുവലിനെ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ പശ്ചാത്തലത്തില്‍ മാനുവലുകള്‍ പരിഷ്‌കരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കലോത്സവ മാനുവല്‍ എന്ന മാര്‍ഗ്ഗരേഖ കലയേയും അതിന്റെ നടത്തിപ്പിനേയും സൈദ്ധാന്തികമായി എങ്ങനെ വിശദീകരിച്ചാലും സാങ്കേതികമായി മാത്രമേ ഇന്നു സമീപിക്കുന്നുള്ളു. വ്യക്തിയുടെ സമഗ്ര വികാസത്തില്‍ കല വ്യക്തിയുടെ മാനസിക വികാസത്തിന്റെ കാരകവും അളവുകോലും കൂടിയാണ്. സമൂഹത്തില്‍ സ്പര്‍ദ്ധയല്ല വേണ്ടത്. സമന്വയവും സാത്മീകരണവുമാണ് സംസ്‌കരണ പ്രക്രിയ. അത് തന്നെയാണ് മൂല്യാധിഷ്ഠിതവും സമഗ്രവുമായ ദേശീയ വിദ്യാഭ്യാസത്തിന്റെ അടിത്തറ.
ഉന്നത വിജയം നേടിയ പെണ്‍കുട്ടിക്ക് പൊതുവേദിയില്‍ വന്ന് സമ്മാനം വാങ്ങാന്‍ പുരുഷമേധാവിത്വത്തിന്റെ വിധി നിഷേധങ്ങള്‍ വിലങ്ങുതടി തീര്‍ക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ വിമര്‍ശിക്കാന്‍ ആയിരുന്നു വീരനാട്യം എന്ന നാടകത്തെ വേദിയില്‍ അവതരിപ്പിച്ചതെങ്കില്‍ അതിന്റെ ഇതിവൃത്തം സീതയും ഊര്‍മ്മിളയും ഗാന്ധാരിയും ശൂര്‍പണഖയും നടത്തി എന്നു പറയപ്പെടുന്ന സത്യവിരുദ്ധമായ പുരുഷമേധം ആയിരുന്നില്ല. സീത (ഭാരതീയ സ്ത്രീ സങ്കല്പത്തിന്റെ പ്രതീകം) രാമനെ (പുരുഷോത്തമന്‍) പുലഭ്യം കൊണ്ട് അഭിഷേകം ചെയ്യുന്ന രംഗമല്ല വേണ്ടിയിരുന്നത്. മറിച്ച്, വൈദിക വിദ്വദ് സഭയില്‍, യാജ്ഞവല്‍ക്യ മുനിയടക്കമുള്ള സദസ്സിലേക്ക് കയറി വന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മൈത്രേയിയെയും ഗാര്‍ഗിയെയും ആയിരുന്നു. ബ്രിട്ടീഷ് അധിനിവേശ പ്രത്യയശാസ്ത്രം പുരുഷമേധാവിത്വത്തോടെ പുരുഷപ്രജകള്‍ ഇല്ലാത്ത രാജ്യം പിടിച്ചെടുക്കാന്‍ കള്ളനിയമം ഉണ്ടാക്കിയപ്പോള്‍ അതിനെതിരെ പോര്‍മുഖം തീര്‍ത്ത ഝാന്‍സി റാണിയുടെ ധീരതയായിരുന്നു. പോര്‍ച്ചുഗീസ് പടയുടെ കുടിലതകളെ സ്വന്തം വാള്‍മുനയിലും ധീര നേതൃത്വത്തിലും തളച്ചിട്ട ഉത്തരകേരളത്തിലെ ഉള്ളാള്‍ മഹാറാണി അംബക്കയുടെ വീരചരിതം ആയിരുന്നു. നാദാപുരത്തെ, മതം തലയ്‌ക്കു പിടിച്ച കവല ചട്ടമ്പികളെ തന്റെ ഉറുമി വീശി ഉയിരിനു വേണ്ടി യാചിക്കുന്നവരാക്കിയ ഉണ്ണിയാര്‍ച്ചയുടെ കഥയായിരുന്നു വീണ്ടും വീണ്ടും പറയേണ്ടിയിരുന്നത്. കിത്താബില്‍ കുരുങ്ങിയ വീരശൃംഖല വീരനാട്യത്തിലൂടെ വീണ്ടെടുക്കാനുള്ള നീചശ്രമങ്ങള്‍ അനുവദിച്ചുകൂടാ.
















