ഇസ്ലാമാബാദ് : അയോധ്യയിൽ നിർമ്മിച്ച രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിൽ പാകിസ്ഥാൻ രോഷാകുലരാണ്. ഇന്ത്യ ഇസ്ലാമോഫോബിയയെ വർദ്ധിപ്പിക്കുകയാണെന്നും ചരിത്ര സ്ഥലങ്ങൾ നശിപ്പിക്കപ്പെടുന്നുവെന്നും ആരോപിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവന ഇറക്കി.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ മനോഭാവമാണിതെന്നും പാകിസ്ഥാൻ ആരോപിച്ചു. “ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ സമ്മർദ്ദത്തിന്റെ ഒരു വലിയ മാതൃകയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിൽ മുസ്ലീം സാംസ്കാരികവും മതപരവുമായ പൈതൃകത്തെ ഉന്മൂലനം ചെയ്യാനുള്ള ബോധപൂർവമായ ശ്രമവുമാണ് ഈ പുതിയ നീക്കം പ്രതിഫലിപ്പിക്കുന്നത്” – പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ മുസ്ലീങ്ങളെ അരികുവൽക്കരിക്കുന്നുവെന്ന ആരോപണങ്ങളും പാകിസ്ഥാൻ ഉയർത്തി. മറ്റ് പല ചരിത്രപ്രധാനമായ പള്ളികളും ഇപ്പോൾ സമാനമായ രീതിയിൽ നശിപ്പിക്കപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്യുന്ന ഭീഷണി നേരിടുന്നുണ്ട്. ഇന്ത്യൻ മുസ്ലീങ്ങൾ വർദ്ധിച്ചുവരുന്ന സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ അരികുവൽക്കരണം നേരിടുന്നുണ്ടെന്നും പാകിസ്ഥാൻ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഇന്ത്യയിൽ വളർന്നുവരുന്ന ഇസ്ലാമോഫോബിയ, വിദ്വേഷ പ്രസംഗം, വിദ്വേഷ പ്രേരിത ആക്രമണങ്ങൾ എന്നിവയിൽ ശ്രദ്ധ ചെലുത്തണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
ഇതിനു പുറമെ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലൂടെയും അന്താരാഷ്‌ട്ര മനുഷ്യാവകാശ ബാധ്യതകൾക്കനുസൃതമായി അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിലൂടെയും ഇന്ത്യൻ സർക്കാർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചത്.
എന്നാൽ രസകരമെന്തെന്നാൽ ന്യൂനപക്ഷങ്ങളെക്കുറിച്ച് ഇന്ത്യയോട് പ്രസംഗിച്ചുകൊണ്ടിരുന്ന പാകിസ്ഥാൻ, സ്വന്തം രാജ്യത്തിനുള്ളിൽ സ്ഥിതി കൂടുതൽ വഷളാക്കുന്നത് സാക്ഷ്യം വഹിക്കുന്നുണ്ട്. പാകിസ്ഥാനിൽ ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള തുടർച്ചയായ റിപ്പോർട്ടുകൾ അനുദിനമാണ് പുറത്ത് വരുന്നത്.
















