സിഡ്‌നി: ഓസ്‌ട്രേലിയൻ പാർലമെന്റിൽ ബുർഖ ധരിച്ച് പ്രതിഷേധിച്ച സെനറ്ററെ ഈ വർഷാന്ത്യം വരെ പുറത്താക്കി. ഓസ്‌ട്രേലിയയിൽ ഒന്നാകെ ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നടത്തുന്ന സെനറ്ററായ പൗളിൻ ഹാൻസനെയാണ് പാർലമെന്റിൽ നിന്ന് പുറത്താക്കിയത്. പൊതുസ്ഥലങ്ങളിൽ ബുർഖയും മുഖം മൂടുന്ന വസ്ത്രങ്ങളും നിരോധിക്കുന്ന തന്റെ ബിൽ പരിഗണിക്കാൻ സഹസെനറ്റർമാർ വിസമ്മതിച്ചതിനെ തുടർന്നാണ് 71കാരിയായ പൗളിൻ ബുർഖ ധരിച്ച് തിങ്കളാഴ്ച പ്രതിഷേധിച്ചത്.
മുസ്ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ വൺ നേഷൻ മൈനർ പാർട്ടിയുടെ നേതാവാണ് പൗളിൻ.ചെയ്ത പ്രവർത്തിയിൽ ക്ഷമാപണം നടത്താത്തിനാൽ സെൻസർ പ്രമേയം പാർലമെന്റ് പാസാക്കി. തുടർച്ചയായ ഏഴ് സെനറ്റ് സിറ്റിംഗ് ദിവസങ്ങളിൽ നിന്ന് അവരെ വിലക്കുകയും ചെയ്തു. അടുത്തകാലത്ത് ഒരു സെനറ്ററിനെതിരേ ഓസ്‌ട്രേലിയൻ പാർലമെന്റിൽ സ്വീകരിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകളിലൊന്നാണിത്. 2017ലും സമാനമായ രീതിയിൽ സെനറ്റിൽ ബുർഖ ധരിച്ച് അവർ പ്രതിഷേധിച്ചിരുന്നു. എന്നാൽ, അവർ അന്ന് ശിക്ഷിക്കപ്പെട്ടിരുന്നില്ല.
















