ന്യൂദല്‍ഹി: മഞ്ചേരിയിലെ എളമ്പ്രയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കുന്നതിന് എതിരെ നിലപാട് എടുത്ത പിണറായി സര്‍ക്കാരിനെ രൂക്ഷ വിമര്‍ശിച്ച സുപ്രീം കോടതി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ രണ്ടു ഘട്ട നടപടിയും നിര്‍ദേശിച്ചു.
ഒന്ന് എല്‍പി, യുപി സ്‌കൂളുകള്‍ ഇല്ലാത്ത മേഖലകള്‍ കണ്ടെത്തുക രണ്ട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂളോ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂളോ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കുക. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്‌ക്ക് എടുക്കാം, താത്ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. പക്ഷെ അത്തരം താത്ക്കാലിക ഏര്‍പ്പാടുകള്‍ അനിശ്ചതമായി തുടരരുത്. സ്ഥിരം കെട്ടിടങ്ങള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തുക. സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ പറ്റുന്ന ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ സര്‍ക്കാരിന് നല്‍കണം. സ്ഥിരം നിയമനം നടക്കും വരെ വിരമിച്ച അധ്യാപകരെ നിയോഗിക്കാം, കോടതി പറഞ്ഞു.
ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളെക്കൊണ്ടും സ്‌കൂളുകള്‍ സ്ഥാപിക്കാം. പക്ഷെ പ്രവേശനത്തില്‍ സുതാര്യതയുറപ്പാക്കണം, എല്ലാവരും തുല്യരെന്ന തത്വം പാലിക്കണം, മതിയായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. വിദ്യാഭ്യാസ നിയമം പാലിക്കണം, ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങരുത്. കോടതി നിര്‍ദേശങ്ങളുടെ പ്രയോജനം എടുക്കാന്‍ ഒരു സ്വകാര്യ വ്യക്തിയേയും അനുവദിക്കരുത്, ബെഞ്ച് വ്യക്തമാക്കി.
മഞ്ചേരി എളമ്പ്രയില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കുന്നതിനെതിരേ നിലപാടെടുത്ത പിണറായി സര്‍ക്കാരിന് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നൂറു ശതമാനം സാക്ഷരതയുള്ള കേരളം എന്തിനാണ് സര്‍ക്കാര്‍ വക സ്‌കൂള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നത്? വിദ്യാഭ്യാസത്തിനായി പണം ചെലവിട്ടതിനാലാണ് കേരളം നൂറു ശതമാനം സാക്ഷരത നേടിയതെന്ന് ഓര്‍ക്കണം, കോടതി പറഞ്ഞു.
‘എയ്ഡഡ് സ്‌കൂള്‍ സ്ഥാപിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം തള്ളിയ സുപ്രീം കോടതി ഗവ. വിദ്യാലയം തന്നെ വേണമെന്ന കര്‍ശന നിര്‍ദേശവും നല്കി. സര്‍ക്കാര്‍ സ്‌കൂള്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ഉത്തരവ്.
എല്‍പി, യുപി സ്‌കൂളുകളില്ലാത്തയിടങ്ങളില്‍ അടിയന്തരമായി സര്‍ക്കാര്‍ തന്നെ സ്‌കൂളുകള്‍ സ്ഥാപിക്കണം. 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ നിയമ പ്രകാരം, വിദ്യാഭ്യാസത്തിനു കുട്ടികള്‍ക്ക് അവകാശമുണ്ട്. ഭൂമിശാസ്ത്രപരമായ കാര്യങ്ങള്‍ പറഞ്ഞും സാമ്പത്തിക പരാധീനത നിരത്തിയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കാനാകില്ല. നാലു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി, യുപി സ്‌കൂളില്ലാത്ത എളമ്പ്രയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി ഇതിനെതിരേ അപ്പീല്‍ നല്കിയതിനെയും വിമര്‍ശിച്ചു.
മൂന്നു മാസത്തിനകം സ്‌കൂള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കുട്ടികള്‍ക്കു മറ്റിടങ്ങളില്‍ പോയി പഠിക്കാന്‍ സൗകര്യമൊരുക്കാമെന്നു പറഞ്ഞപ്പോള്‍ അതു പരിഹാരമല്ലെന്നു കോടതി മറുപടി നല്കി. രാവിലെ വാഹനങ്ങളില്‍ കയറിപ്പോകുന്ന കുട്ടികള്‍ രാത്രിയിലാകും മടങ്ങുക, കുട്ടികള്‍ക്കു പഠിക്കാനും വിശ്രമിക്കാനും പോലും സമയം ലഭിക്കില്ല, കോടതി നിരീക്ഷിച്ചു.
എളമ്പ്രയില്‍ നാട്ടുകാര്‍ ഒരേക്കര്‍ ഭൂമി നല്കിയിട്ടും മഞ്ചേരി മുനിസിപ്പാലിറ്റി കെട്ടിടം നല്കാമെന്നു പറഞ്ഞിട്ടും സര്‍ക്കാര്‍ സ്‌കൂള്‍ തുടങ്ങുന്നില്ലെന്നു കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ്, സ്‌കൂള്‍ തുടങ്ങാന്‍ 2020ല്‍ ഹൈക്കോടതി ഉത്തരവിട്ടത്.
















