അയോദ്ധ്യ: പ്രപഞ്ചം രാമമയമായ മുഹൂര്‍ത്തം…എവിടെയും മുഴങ്ങിയത് രാമമന്ത്രം…അയോദ്ധ്യയില്‍ നിന്ന് ലോകത്തേക്കാകെ ധര്‍മധ്വജം പാറിപ്പറന്നു…മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനം…ശ്രീരാമന്റെയും സീതയുടെയും വിവാഹ പഞ്ചമിയുമായി ഒത്തുചേരുന്ന അഭിജിത്ത് മുഹൂര്‍ത്തത്തില്‍ രാമക്ഷേത്രത്തിന്റെ ഗോപുരത്തില്‍ കാവിപ്പതാകപാറി…ക്ഷേത്രത്തിലെ പ്രത്യേക വേദിയിലെ സദസ്സില്‍ നിന്ന് ശ്രീരാമചന്ദ്രന് ജയ് വിളികള്‍ ഉയര്‍ന്നു…എവിടെയും ഉത്സാവന്തരീക്ഷം…
അയോധ്യയിലെത്തിയ പ്രധാനമന്ത്രി രാവിലെ 10 മണിയോടെ വസിഷ്ഠ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, അഗസ്ത്യ മഹര്‍ഷി, വാല്‍മീകി മഹര്‍ഷി, അഹല്യാ ദേവി, നിഷാദ്രാജ് ഗുഹന്‍, മാതാ ശബരി എന്നിവരുടെ ക്ഷേത്രങ്ങളുള്ള സപ്തമന്ദിരത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ശേഷാവതാര ക്ഷേത്രത്തിലും മാതാ അന്നപൂര്‍ണ ക്ഷേത്രത്തിലും രാം ദര്‍ബാര്‍ ഗര്‍ഭഗൃഹത്തിലും ദര്‍ശനവും പൂജയും. രാം ലല്ലയെ ആരതി ഉഴിഞ്ഞ് പ്രാര്‍ത്ഥിച്ച് ഉച്ചയ്‌ക്ക് 12 മണിയോടെ ധ്വജാരോഹണ വേദിയിലെത്തി.
രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പത്ത് അടി ഉയരവും ഇരുപത് അടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള പതാകയില്‍, ഭഗവാന്‍ ശ്രീരാമന്റെ മഹിമയും വീര്യവും പ്രതിനിധാനം ചെയ്യുന്ന തേജസുള്ള സൂര്യന്റെ ചിത്രവും കോവിദാര വൃക്ഷത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ചടങ്ങില്‍ 108 ആചാര്യന്മാര്‍ പങ്കെടുത്തു.
സാകേത് കോളജില്‍ നിന്ന് റോഡ് ഷോ നയിച്ചാണ് പ്രധാനമന്ത്രി രാമജന്മഭൂമിയിലെത്തിയത്.














