”ഇന്ന് ഈ ഭാരതമാകെ, വിശ്വമാകെ, രാമമയമായിരിക്കുന്നു. നൂറ്റാണ്ടുകളുടെ മുറിവുകള്‍ മായുകയാണ്. തലമുറകളായി നാമെടുത്ത ദൃഢനിശ്ചയം സഫലമാകുന്നു. ശ്രീരാമ ക്ഷേത്രത്തില്‍ ധര്‍മപതാക പാറുന്നു. ഭഗവാന്‍ സൂര്യനെ അടയാളപ്പെടുത്തുന്ന കാവി നിറവും പരിപാവനമായ കോവിദാര മരവും രാമരാജ്യത്തിന്റെ മഹത്വം ആലപിക്കുന്നു. ഈ ധ്വജം സത്യത്തില്‍ സ്ഥാപിതമാണ്. സത്യപാലനത്തിനുള്ള പ്രേരണയാണ്. പറയുന്നത് ചെയ്യാനുള്ള പ്രേരണ. പ്രാണന്‍ തന്നെ പോയാലും വാക്കു ലംഘിക്കരുതെന്ന ആദര്‍ശത്തിന്റെ പ്രേരണ….”
അയോദ്ധ്യ: സിയാവര്‍ രാമചന്ദ്ര കീ ജയഘോഷത്തോടെ അയോദ്ധ്യയില്‍ കാവിപ്പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. അയോദ്ധ്യയുടെ ധര്‍മപതാകയാണിത്. നമ്മളൊന്നും മറക്കരുത്. ശ്രീരാമ ഭഗവാനെ കാണാന്‍ സഹോദരന്‍ ഭരതന്‍ പടയുമായി കാട്ടിലെത്തുമ്പോള്‍ അത് അയോദ്ധ്യയുടെ സേനയാണെന്ന് ലക്ഷ്മണന്‍ ദൂരെ നിന്നേ തിരിച്ചറിയുന്നത് കോവിദാര വൃക്ഷം ആലേഖനം ചെയ്ത ഈ പതാക കണ്ടിട്ടാണെന്ന് വാല്മീകി മഹര്‍ഷി പറയുന്നു. അതു നാടിന്റെ തനിമയാണ്. അതു മറന്നാല്‍ വ്യക്തിത്വം തന്നെ നഷ്ടമാകും. 190 വര്‍ഷം മുമ്പ്, 1835ല്‍ മെക്കാളെ എന്ന ഇംഗ്ലീഷുകാരന്‍ ഭാരതത്തില്‍ മാനസിക അടിമത്തത്തിന് അടിത്തറയിട്ടു. പത്താണ്ടു കൂടി പിന്നിട്ടാല്‍ 200 വര്‍ഷമാകും. അതിനുള്ളില്‍ ഈ രാജ്യത്തെയാകെ എല്ലാവിധ മാനസിക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുമെന്ന് നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്.
അടിമത്തത്തിന്റെ മാനസികാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. ഭാരതത്തിന്റെ ഓരോ അണുവിലും നിറഞ്ഞ ശ്രീരാമന്‍ പോലും സാങ്കല്പികമാണെന്ന് ചിലര്‍ പറയുന്നതിന്റെ കാരണം അതാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ അടിമത്തം പൂര്‍ണമായി മാറണം. അടുത്ത 1000 വര്‍ഷത്തേക്കുള്ള ഭാരതത്തിന്റെ അടിത്തറ ശക്തമാക്കാന്‍ അത് അനിവാര്യമാണ്. അതുകൊണ്ടാണ് അയോദ്ധ്യ 21-ാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ നട്ടെല്ലായി ഉയര്‍ന്നുവരുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
ആരും ദരിദ്രരല്ലാത്ത സമൂഹം നാം സൃഷ്ടിക്കണം. ഈ ധര്‍മപതാക ശ്രീരാമന്റെ ദര്‍ശനങ്ങള്‍ എല്ലാ മനുഷ്യവര്‍ഗത്തിലേക്കും വരും യുഗങ്ങളിലേക്കുമെത്തിക്കും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനു സമൂഹത്തിന്റെ കൂട്ടായ ശക്തി ആവശ്യമാണ്. ഇവിടെ ഏഴു ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. നിഷാദ രാജാവിനു ക്ഷേത്രമുണ്ട്. ജടായുവിന്റെയും അണ്ണാന്‍കുഞ്ഞിന്റെയും ശില്പങ്ങളുണ്ട്. ലക്ഷ്യത്തെയും അതിനായുള്ള തീവ്രമായ അഭിലാഷങ്ങളെയും ആരാധിക്കുന്ന ഇടങ്ങളാണവ. മാര്‍ഗങ്ങളെയല്ല, ഒരു മഹത്തായ ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള ഓരോ ചെറിയ ശ്രമത്തെയും ചിത്രീകരിക്കുന്ന കേന്ദ്രങ്ങളാണവ, മോദി ചൂണ്ടിക്കാട്ടി.
2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, വികസിത ഭാരതം സാക്ഷാത്കരിക്കണം, അതിനു വര്‍ത്തമാനകാലത്തെയും ഭാവി തലമുറകളെയും കുറിച്ചു ചിന്തിക്കണം. ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കണം. കാരണം നമ്മള്‍ ഇല്ലാതിരുന്നപ്പോഴും ഈ രാഷ്‌ട്രം നിലനിന്നിരുന്നു, നമ്മള്‍ ഇല്ലാതാകുമ്പോഴും അത് നിലനില്‍ക്കും. രാമന്‍ ജനങ്ങളെ രഞ്ജിപ്പിച്ചവനാണ്. രാമന്‍ അറിവിന്റെ പരകോടിയാണ്. രാമന്‍ സൗമ്യതയിലെ ദൃഢതയാണ്. രാമന്‍ മികവുകളുടെ കൂടിച്ചേരലാണ്. രാമന്‍ വിനയമാണ്, രാമന്‍ അചഞ്ചല സത്യമാണ്. രാമന്‍ വെറുമൊരു വ്യക്തിയല്ല, അഭിമാനമാണ്, ദിശയാണ്. സമൂഹത്തെ ശാക്തീകരിക്കണമെങ്കില്‍, അവനവനിലെ രാമനെ ഉണര്‍ത്തണം. ഈ ദൃഢനിശ്ചയമെടുക്കാന്‍ ഇന്നത്തെക്കാള്‍ നല്ല ദിവസം വേറെയേതാണ്, പ്രധാനമന്ത്രി ചോദിച്ചു.
















