പത്തനംതിട്ട: സംഘടനയെ വെല്ലുവിളിച്ചാല്‍ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നതോടെ സസ്‌പെന്‍ഷനിലായ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സ്ഥിരം പ്രശ്‌നക്കാരന്‍. പോലീസ് അസോസിയേഷനെ മറികടന്ന് ശബരിമല ഡ്യൂട്ടി സംഘടിപ്പിച്ചുവെന്നാരോപിച്ച് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒകൂടിയായ നിഷാന്ത് പി. ചന്ദ്രനെ സസ്പെന്‍ഡ് ചെയ്തത്. തിരുവല്ല സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പുഷ്പദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്. എസ്.പി ആര്‍. ആനന്ദിന്‌റെ അന്വേഷണത്തിന്‌റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
നിങ്ങള്‍ അസോസിയേഷനെ വെല്ലുവിളിച്ച് ശബരിമലയില്‍ പോകുമല്ലേ? ജനുവരി 21 വരെ മാത്രമേ ശബരിമല ഡ്യൂട്ടിയുള്ളൂ. നിങ്ങള്‍ അത് മനസിലാക്കണം. അതു കഴിയുമ്പോള്‍ നിങ്ങള്‍ തിരുവല്ലയില്‍ വരും. നിങ്ങള്‍ ഒരു സംഘടനയെ ആണ് വെല്ലുവിളിക്കുന്നത്. ജനുവരി 21 ന് ശേഷം നേരിട്ടു കാണാം. എന്നായിരുന്നു നേതാവിന്റെ ഭീഷണി.
തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ ജോലി ചെയ്തിരുന്ന നിഷാന്തിനെ പരാതികളെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ചിറ്റാര്‍ സ്റ്റേഷനിലേക്ക് മാറ്റിയത്.
ഡ്യൂട്ടി നിശ്ചയിക്കുന്നത് താനാണെന്ന മട്ടിലാണ് നേതാവ് പെരുമാറിക്കൊണ്ടിരുന്നത്. എന്നാല്‍ ഇതിന്‌റെ ഓഡിയോ തെളിവായി ലഭിച്ചതോടെ പണി കിട്ടുകയായിരുന്നു.
















