ന്യൂദല്‍ഹി: എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന മുന്‍ കോടതി ഉത്തരവ് പാലിക്കാത്ത സംസ്ഥാനങ്ങള്‍ മൂന്ന് ആഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സമയപരിധി പാലിക്കാത്ത സാഹചര്യത്തില്‍, അടുത്ത വാദം കേള്‍ക്കുമ്പോള്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണം. രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ സിസിടിവി ക്യാമറകളുടെ അഭാവം സംബന്ധിച്ച സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്‌റെ നിര്‍ദേശം.
ഒക്ടോബര്‍ 14 ലെ ഉത്തരവില്‍ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് 11 സംസ്ഥാനങ്ങള്‍ മാത്രമേ മറുപടി നല്‍കിയിട്ടുള്ളൂ. എട്ട് മാസത്തിനുള്ളില്‍ ഏകദേശം 11 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതായി ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.
















