പാലക്കാട് : ‘എല്ലാം തികഞ്ഞ’ പി.പി. ദിവ്യ ചാര്‍ത്തി തരുന്ന ആ കിരീടം താങ്ങാനുള്ള തല തനിക്കില്ലെന്നും അത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാകും നല്ലതെന്നും നടി സീമ ജി നായര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്‌റെ പേരില്‍ നടിമാരായ സീമ ജി. നായര്‍ക്കും അനുശ്രീക്കും എതിരെ അധിക്‌ഷേപ പരാമര്‍ശം നടത്തിയ സിപിഎം നേതാവ് പി.പി. ദിവ്യയ്‌ക്കുള്ള മറുപടിയിലാണ് സീമ ഇക്കാര്യം പറഞ്ഞത്.
സീമയുടെ ഫേസ്ബുക്ക് കുറിപ്പ് : ”പി.പി ദിവ്യാമാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു ‘മാം’ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്, ഈ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളത്തില്‍ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള തലയൊന്നും എനിക്കില്ല.’
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. എഡിഎം നവീന്‍ബാബുവിനെ മരണത്തിലേക്കു തള്ളിവിട്ട കേസില്‍ പ്രതിയാണ് ദിവ്യ.
















