ചെന്നൈ : മോദി സർക്കാരിനെതിരെ ഭാഷായുദ്ധം നടത്താനും തയ്യാറാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ . ദേശീയ മാധ്യമം നടത്തിയ പ്രത്യേക പരിപാടിയിലായിരുന്നു ഉദയനിധിയുടെ ഈ പരാമർശം.കോയമ്പത്തൂർ മെട്രോ പദ്ധതിയ്‌ക്കായി സംസ്ഥാന സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും പറയുന്നതൊന്നും നേട്ടമല്ല, ഉത്തരവാദിത്തമാണെന്നും ഉദയനിധി പറഞ്ഞു .
“മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതീക്ഷകൾക്കനുസൃതമായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് . തമിഴ്‌നാട് ഗവർണർ സംസ്ഥാനത്തിന്റെ പേര് മാറ്റാൻ ശ്രമിച്ചു, പക്ഷേ പ്രതിഷേധം വർദ്ധിച്ചതിനെത്തുടർന്ന് പിന്മാറേണ്ടിവന്നു.കേന്ദ്രസർക്കാർ എല്ലാ അധികാരങ്ങളും ഏകീകരിക്കാൻ ശ്രമിക്കുകയാണ്.
സാമ്പത്തികമായി ശക്തമായ സംസ്ഥാനങ്ങളെ രാഷ്‌ട്രീയമായും രാഷ്‌ട്രീയമായി ശക്തമായ സംസ്ഥാനങ്ങളെ സാമ്പത്തികമായും ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് അധികാരം ക്രമേണ കേന്ദ്രീകരിക്കപ്പെടുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ദുർബലപ്പെടുകയും ചെയ്യുന്നു . അന്യായമായ നികുതി വിതരണം, ഫണ്ട് തടഞ്ഞുവയ്‌ക്കൽ, പുതിയ വിദ്യാഭ്യാസ നയം, വരാനിരിക്കുന്ന അതിർത്തി നിർണ്ണയം തുടങ്ങിയ നിരവധി വിഷയങ്ങളിൽ തമിഴ്‌നാട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ട് .
ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, മറ്റൊരു ഭാഷാ യുദ്ധത്തിന് ഞങ്ങൾ തയ്യാറാണ് . തമിഴർ ഒരിക്കലും ത്രിഭാഷാ ഫോർമുല അംഗീകരിക്കില്ല. തമിഴ്‌നാട് എപ്പോഴും അതിന്റെ ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനായി നിലകൊള്ളും. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണം . ഇത് നൽകുന്ന ഭരണഘടനാ ഭേദഗതികളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
















