ന്യൂദല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. വായു ഗുണനിലവാര മേല്‍നോട്ട സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്റെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ജിആർഎപി) ലെവൽ 3യുടെ ഭാഗമായാണ് പ്രഖ്യാപനം.
ഇന്ന് രേഖപ്പെടുത്തിയ ശരാശരി AQI 362 ആയി വളരെ മോശം വിഭാഗത്തിലാണ് ഡൽഹിയിലെ വായു ഗുണനിലവാരം തുടരുന്നത്.
കുട്ടികളെ തുറസ്സായ സ്ഥലത്ത് കളിക്കാൻ അനുവദിക്കരുതെന്ന് അടക്കമുള്ള നിയന്ത്രണങ്ങൾ ഡൽഹി സർക്കാർ സ്കൂളുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വായുഗുണനിലവാര സൂചിക 201 നും 300 നും ഇടയിലാകുമ്പോഴാണ് ജിആർഎപി 1 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. 301 നും 400 നും ഇടയിലാകുമ്പോൾ ജിആർഎപി 2 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. 401 നും 450 നും ഇടയിലാകുമ്പോൾ ജിആർഎപി 3ഉം 451 കടക്കുമ്പോൾ ജിആർഎപി 4 നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
ഇതേസമയം വായുമലിനീകരണത്തിനെതിരെ നടന്ന ജൻസി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരുടെ രാഷ്‌ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ ഡൽഹി പോലീസ് നടപടികള്‍ ആരംഭിച്ചു. ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാവോയിസ്റ്റ് നേതാവിന്റെ ചിത്രം അടങ്ങിയ പ്ലക്കാർഡുകള്‍ പ്രദർശിപ്പിച്ചതാണ് അന്വേഷണത്തിന് പിന്നിലെ കാരണം. പ്രതിഷേധത്തിനിടെ പോ ലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന് 15 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു.
















