മാവേലിക്കര: ശബരിമലയില്‍ നടക്കുന്ന ബാലനീതി നിഷേധം അവസാനിപ്പിക്കണമെന്ന് ബാലാവകാശ സംഘടനയായ സൗരക്ഷിക ആവശ്യപ്പെട്ടു. പത്തു വയസില്‍ താഴെയുള്ള ബാലികമാരും 18 വയസ് വരെയുള്ള ബാലന്മാരുമായി ഒരു വര്‍ഷം 40 ലക്ഷത്തോളം കുട്ടികളാണ് അയ്യപ്പദര്‍ശനത്തിനെത്തുന്നത്.
പമ്പ മുതല്‍ സന്നിധാനം വരെ കുട്ടികള്‍ക്കു യാതൊരുവിധ സംവിധാനവും ഒരുക്കുന്നില്ല. വലുപ്പം കുറഞ്ഞ ക്ലോസറ്റുകളുള്ള ശുചിമുറിയോ, ഉയരം കുറഞ്ഞ വാഷ്ബേസിനോ, അപകടരഹിതമായ ചെറിയ പടികളുള്ള കുളിക്കടവോ യാത്രാ വഴിയോ ഇല്ലാത്ത അവസ്ഥയാണ്.
കുട്ടികള്‍ ആള്‍ക്കുട്ടത്തില്‍ ഞെരിഞ്ഞമരുന്ന കാഴ്ച വേദനയും നീറ്റലും ഉളവാക്കുന്നു. കാലുയരം പരിഗണിക്കാതെ പതിനെട്ടാംപടിയില്‍ കയ്യില്‍ പിടിച്ച് വലിച്ച് കയറ്റുന്നത് കുട്ടികളെ വേദനിപ്പിക്കുന്നു. ദര്‍ശനത്തിന് ബാല പരിഗണനയില്ലാത്തതിനാല്‍ സ്വാമി ദര്‍ശനം സാധിക്കാതെ നടയിറങ്ങേണ്ടിവരുന്നത് ബാലനീതി നിഷേധമാണ്. സൗരക്ഷിക ഈ അനീതിയില്‍ പ്രതിഷേധിക്കുന്നു. ബാലനീതി നടപ്പാക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും സംഘടന അഭൃര്‍ത്ഥിച്ചു. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശശിശങ്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സന്തോഷ്, സംഘടനാ സെക്രട്ടറി വി.ജെ. രാജമോഹന്‍, സെക്രട്ടറിമാരായ ഗിരീഷ് കുടമാളൂര്‍, സേതു ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
















