തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡു ചെയ്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും ‘നാടകം’ മാത്രമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കുറ്റാരോപിതനായ വ്യക്തിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നും ഫേസ് ബുക്ക് കുറിപ്പില്‍ മന്ത്രി ആരാഞ്ഞു.
ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്: ‘രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഒളിച്ചുകളിയാണ്. രാഹുലിനെ സസ്പെന്‍ഡ് ചെയ്തു എന്ന് കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും ‘നാടകം’ മാത്രമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. സസ്പെന്‍ഷന്‍ പ്രഖ്യാപിക്കപ്പെട്ട വ്യക്തി തന്നെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വേദികളിലും, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായി നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. സസ്പെന്‍ഷന്‍ നടപടി കടലാസില്‍ മാത്രമാണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ് നേതാക്കള്‍, സ്വന്തം എം.എല്‍.എയ്‌ക്കെതിരെ ഇത്രയും നീചമായ ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. കുറ്റാരോപിതനായ വ്യക്തിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു? ഇത് കേരളത്തിലെ സ്ത്രീകളോടും വോട്ടര്‍മാരോടും കാണിക്കുന്ന വെല്ലുവിളിയാണ്’
















