തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലില്‍ ദിവസവേതനക്കാര്‍ക്ക് ശമ്പളമില്ല. കൗണ്‍സിലിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഒന്നാം തീയതി കൃത്യമായി ശമ്പളമെത്തുമ്പോഴാണ് നവംബര്‍ മാസത്തിലെ മൂന്നാഴ്‌ച്ച പിന്നിട്ടിട്ടും ദിവസവേതനക്കാര്‍ വേതനമില്ലാതെ തുടരുന്നത്. ഈ അവസ്ഥയാണ് എല്ലാ മാസവും എന്ന് ക്ലര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍, സെക്യൂരിറ്റി, കുക്ക് ജോലികള്‍ ചെയ്യുന്ന ദിവസ വേതന തൊഴിലാളികള്‍ പറയുന്നു.
സിപിഎം നിയന്ത്രിക്കുന്ന സ്‌പോഴ്‌സ് കൗണ്‍സിലിലെ മിക്ക ദിവസവേതന ജീവനക്കാരും പാര്‍ട്ടി പിന്‍വാതില്‍ നിയമനം ലഭിച്ചവരാണ്, ഇതില്‍ വിരലിലെണ്ണാവുന്നവരാണ് കോടതി വഴി ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിലൂടെയോ, സര്‍ക്കാരിന് സങ്കട ഹര്‍ജി നല്‍കിയതു വഴിയോ കൗണ്‍സിലില്‍ ദിവസവേതനക്കാരായി എത്തിയത്. ഫണ്ട് എത്തിയില്ല എന്നതാണ് അധികൃതര്‍ നല്‍കുന്ന മറുപടി എന്നും തൊഴിലാളികള്‍ പറയുന്നു.
മിക്ക ജീവനക്കാരുടേയും മക്കളുടെ വിദ്യാഭ്യാസം, വീട്ടുവാടക, വായ്‌പ്പാ തിരിച്ചടവുകള്‍ എന്നിവയെല്ലാം താളം തെറ്റിയാണ് മുന്നോട്ട് പോകുന്നത്. അതേ സമയം സ്‌റ്റേഡിയങ്ങള്‍ വിവിധ മത്സരങ്ങള്‍ വാടകക്ക് നല്‍കുന്നതു വഴി വലിയ തുകയാണ് കൗണ്‍സിലിന് ലഭിക്കുന്നത്, സ്‌റ്റേഡിയങ്ങളിലെ വൈദ്യുതി വാടക പോലും തോന്നുംപടിയാണ് കൗണ്‍സില്‍ കൈപ്പറ്റുന്നത്. കായിക താരങ്ങള്‍ക്ക് തണലും ആശ്രയവുമാവേണ്ട സ്‌പോഴ്‌സ് കൗണ്‍സിലിനെ സിപിഎം പാര്‍ട്ടിയുടെ കുത്തകയാക്കുന്നതിലൂടെ കേരളത്തിന് നഷ്ടമാവുന്നത് കഴിവുള്ള കായിക താരങ്ങളെയാണ്.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഈ മാസം ശമ്പളം കൃത്യമായി കിട്ടുമെന്ന് കരുതിയ തൊഴിലാളികളെയാണ് കൗണ്‍സില്‍ വീണ്ടും വിഡ്ഢികളാക്കിയിരിക്കുന്നത്.
















