മൈനാഗപ്പള്ളി: അരങ്ങിന് തല്‍ക്കാലം അവധി നല്‍കി കഥകളി കലാകാരന്‍ തെരഞ്ഞെടുപ്പ് ഗോധയില്‍ സജീവമായി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മണ്ണൂര്‍ക്കാവ് 23-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കഥകളി കലാകാരനായ കലാമണ്ഡലം നിതിന്‍ ബാലചന്ദ്രനാണ്.
ഇരുപത് വര്‍ഷമായി കഥകളി രംഗത്ത് വ്യക്തിമുദ്ര പതിച്ച അതുല്യ പ്രതിഭയാണ് നിതിന്‍. സ്‌കൂള്‍ പഠനവും ഉപരിപഠനവും എല്ലാം കലാമണ്ഡലത്തില്‍ തന്നെയായിരുന്നു, നാട്ടിലെ മണ്ണൂര്‍ക്കാവ് ഭഗവതി ക്ഷേത്രം കഥകളിയുടെ പ്രധാന കേന്ദ്രമാണ്. കഥകളി ആട്ടം പ്രധാന വഴിപാടായി നടത്തപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന നാട്ടില്‍ ജനിച്ച നിതിന് കഥകളിയോടുള്ള അഭിനിവേശം മനസിലാക്കിയ അച്ഛന്‍ ബാലചന്ദ്രനും അമ്മ ഗിരിജാകുമാരിയും മകനെ കലാമണ്ഡലത്തിലേക്ക് അയക്കുകയായിരുന്നു.
പഠനശേഷം നാട്ടിലും, കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളുമായി ഒട്ടനവധി അരങ്ങുകളില്‍ നിതിന്‍ ആടി തിമിര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ കഥകളി ആശാന്‍ കൂടിയാണ്. അതിനിടെയാണ് നിനച്ചിരിക്കാതെ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത്. വാര്‍ഡ് പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സജീവമാണ് നിതിന്.
















