കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. വിലങ്ങില്ലാതെയാണ് വാസുവിനെ കോടതിയിൽ എത്തിച്ചത്. വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വാസുവിനെ കോടതിയ്‌ക്ക് പുറത്തേയ്‌ക്ക് കൊണ്ടുവരുന്നതിനിടെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. അതിനിടെ വാസു ഇന്ന് സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസ് നടക്കുന്ന സമയത്ത് ചുമതലയിൽ താനുണ്ടായിരുന്നില്ലെന്നാണ് ജാമ്യാപേക്ഷയിൽ വാസു പറയുന്നത്. കൂടാതെ എസ് ഐ ടി പിടിച്ചെടുത്ത രേഖകൾ കോടതിയുടെ മേൽ നോട്ടത്തിൽ പരിശോധിക്കാൻ ആനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.
എല്ലാം വാസു അറിഞ്ഞുകൊണ്ടാണ് ചെയ്‌തതെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രണ്ടുവട്ടം ദേവസ്വം കമ്മിഷണറുമായിരുന്നു എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള കട്ടിള സ്വർണം പൊതിഞ്ഞതാണെന്ന് 2019 ഫെബ്രുവരി 16ന് എക്സിക്യുട്ടീവ് ഓഫീസർ ബോർഡിന് നൽകിയ കത്തിലുണ്ടായിരുന്നു. ഇത് തിരുത്തി ചെമ്പുപാളികൾ എന്നാക്കിയതാണ് വാസുവിന് കുരുക്കായത്.
സ്വർണം പൊതിഞ്ഞ കട്ടിള ചെമ്പെന്ന പേരിൽ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചതിലെ ഗൂഢാലോചനയിൽ നിർണായക പങ്കാണ് വാസുവിനുള്ളതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
















