തൊഴില്‍ സംബന്ധിയായ 29 നിയമങ്ങളെ നാല് സംഹിത (കോഡുകള്‍)കളാക്കി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ടുള്ള സംവിധാനം പാര്‍ലമെന്റ് അംഗീകരിച്ച് നിയമമാക്കിയിട്ട് ഏതാണ്ട് അഞ്ച് വര്‍ഷമായി. പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട്, മിനിമം വേജസ് ആക്ട്, പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട്, ഈക്വല്‍ റമ്മ്യൂണറേഷന്‍ ആക്ട് എന്നീ നാലു നിയമങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് കോഡ് ഓണ്‍ വേജസ്, 2019 ല്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഈപിഎഫ് നിയമം, ഈഎസ്ഐ നിയമം, കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമ സെസ്സ് നിയമം, അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ നിയമം തുടങ്ങിയ ഒന്‍പത് ക്ഷേമനിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ടുള്ള കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി 2020 ല്‍ പാര്‍ലമെന്റ് അംഗീകരിച്ച് നിയമമാക്കി. അതുപോലെതന്നെ ട്രേഡ് യൂണിയന്‍ ആക്ട്, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിങ് ഓര്‍ഡര്‍ ആക്ട്, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് എന്നീ മൂന്നു നിയമങ്ങളെ സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡും 2020 ല്‍തന്നെ പാര്‍ലമെന്റില്‍ പാസാക്കി നിയമമാക്കി. ഫാക്ടറി നിയമം,ഖനിനിയമം, പ്ലാന്റേഷന്‍ ലേബര്‍ ആക്ട്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് തുടങ്ങിയ പതിമൂന്ന് നിയമങ്ങള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒക്കുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡും 2020 സെപ്തംബറില്‍ നിയമമായി. 29 നിയമങ്ങള്‍ 4 കോഡുകളാക്കി സമഗ്രമായി സംയോജിപ്പിക്കപ്പെട്ടപ്പോള്‍ ഇവയുടെ വലിപ്പം 34% ആയികുറഞ്ഞു. ആവര്‍ത്തിച്ചുവന്ന 66% ഒഴിവായിക്കിട്ടിയെന്നു സാരം.
ഒക്കുപ്പേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ് മാത്രമെടുത്താല്‍ വലിപ്പം 267 ശതമാനമായിട്ടാണ് കുറഞ്ഞത്. തൊഴില്‍ നിയമങ്ങളില്‍ കെട്ടുപിണഞ്ഞു കിടന്നിരുന്ന ഒരുപാട് വകുപ്പുകള്‍ ഒഴിവാക്കുകയും നിയമങ്ങള്‍ സരളമാക്കുകയും ചെയ്തു എന്നതാണ് ലേബര്‍ കോഡുകളിലെ മുഖ്യ ആകര്‍ഷണം.
മഹാനായ അംബേദ്കറെയാണ് ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളുടെ സ്രഷ്ടാവായി കണക്കാക്കേണ്ടത്. പിന്നാക്ക വിഭാഗങ്ങളുടെയും തൊഴിലാളികളുടെയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അനുയോജ്യമായ നിയമം രാജ്യത്ത് നിര്‍മ്മിക്കപ്പെടണം എന്നതായിരുന്നു ഡോ. അംബേദ്കറുടെ അഭിപ്രായം.
1942 മുതല്‍ 1946 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ തൊഴില്‍കാര്യ അംഗമെന്ന നിലയില്‍ നിരവധി തൊഴില്‍ നിയമങ്ങള്‍ കൗണ്‍സിലിന്റെ മുന്‍പില്‍ കൊണ്ടുവന്ന് നിയമമാക്കാന്‍ ഡോ. അംബേദ്കര്‍ക്ക് കഴിഞ്ഞിരുന്നു. മിനിമം വേതന നിയമം, ഫാക്ടറി നിയമം, പേയ്‌മെന്റ് ഓഫ് വേജസ് അമന്റ്മെന്റ് ബില്‍, ഈക്വല്‍ പേ ഫോര്‍ ഈക്വല്‍ വര്‍ക്ക് തുടങ്ങിയ തൊഴിലാളി സൗഹൃദമായ നിരവധി നിയമങ്ങള്‍ അംബേദ്കര്‍ കൊണ്ടുവന്നു. തൊഴില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെ ത്രികക്ഷി സംവിധാനത്തെ ശക്തിപ്പെടുത്തിയതും അംബേദ്കറിന്റെ ദീര്‍ഘവീക്ഷണമാണ്. ലോകത്തെമ്പാടും തൊഴില്‍ മേഖലയിലുണ്ടാവുന്ന ചെറിയ ചലനങ്ങള്‍ പോലും ഡോ. അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു.
ഡോ. അംബേദ്കര്‍ക്കുശേഷം തൊഴില്‍ നിയമങ്ങളില്‍ വന്ന സമഗ്രമായ പരിവര്‍ത്തനമാണ് തൊഴില്‍ നിയമങ്ങളുടെ സംഹിതാവല്‍ക്കരണം. വേജ് കോഡിലൂടെ മിനിമം വേതനം രാജ്യത്തെ അവസാനത്തെ തൊഴിലാളിയുടേയും അവകാശമായി മാറും. മിനിമം വേതനം ലഭിച്ചില്ലായെങ്കില്‍ നേരിട്ട് തൊഴിലാളിക്ക് കോടതിയെ സമീപിച്ച് സങ്കടനിവൃത്തിയുണ്ടാക്കുവാന്‍ വളരെ വേഗത്തില്‍ കഴിയും. ഇതില്‍ക്കൂടി തൊഴിലാളികളുടെ വരുമാനത്തില്‍ നല്ല വര്‍ധനവുണ്ടാകും. ജനങ്ങള്‍ക്ക് വരുമാന വര്‍ധനവുണ്ടാകുമ്പോള്‍ രാജ്യത്ത് സാമ്പത്തിക പുരോഗതിയുണ്ടാകും. സാമൂഹ്യസുരക്ഷാ പദ്ധതികളുടെ സംരക്ഷണകുടക്കീഴിലെത്തും. ഭാരതത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ശക്തമായ രാസത്വരകമായി ലേബര്‍ കോഡുകള്‍ മാറുകതന്നെ ചെയ്യും.
ലേബര്‍ കോഡുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും രാജ്യത്ത് ഉയരുന്നുണ്ട്. ലേബര്‍ കോഡുകളെ അപ്പാടെ നിരാകരിക്കണമെന്നാണ് ഇടതുസംഘനകളും ഐഎന്‍ടിയുസിയും ആവശ്യപ്പെടുന്നത്. എതിര്‍പ്പ് വസ്തുനിഷ്ഠതയിലുപരി രാഷ്‌ട്രീയ പ്രേരിതമാണ്. മോദിയെ എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമേ അതിലുള്ളൂ. ഇന്ത്യയിലെ പ്രമുഖ തൊഴിലാളി സംഘടനയായ ബിഎംഎസ്, വേജ് കോഡ്, വെല്‍ഫയര്‍ കോഡ്എന്നിവയെ മാതൃകാപരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡിലും ഒക്കുപ്പേഷണല്‍ സേഫ്റ്റി കോഡിലും ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബിഎംഎസ്സിന്റെ നിലപാട് വസ്തുനിഷ്ഠവും പ്രായോഗികവുമാണെന്ന് വിദഗ്ധര്‍ അംഗീകരിച്ചിട്ടുണ്ട്. ലേബര്‍ കോഡിന്മേല്‍ തു!ടര്‍ച്ചയാകാമെന്നും മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ പാര്‍ലമെന്റിന്റെ മുന്‍പാകെ കൊണ്ടുവരാമെന്നും ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ബിഎംഎസ് ദേശീയ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്തായാലും കേന്ദ്രവും സംസ്ഥാനങ്ങളും ചട്ടങ്ങള്‍ പാസാക്കുന്ന മുറയ്‌ക്ക് ലേബര്‍ കോഡുകള്‍ നിലവില്‍വരും. ഭാരതത്തിലെ തൊഴിലാളിക്ഷേമ പ്രവര്‍ത്തന ചരിത്രത്തില്‍ ഇത് സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തപ്പെടും എന്ന് നിസംശയം പറയാം.
















