പെഷവാർ: പാകിസ്ഥാനിലെ പെഷവാറിലെ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നോളം പേർ കൊല്ലപ്പെട്ടു. സൈന്യവും പോലീസും പ്രദേശം വളഞ്ഞിട്ടുണ്ട്. ഫ്രണ്ടിയര്‍ കോര്‍പ്‌സ് ആസ്ഥാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു ചാവേറുകള്‍ ഹെഡ്ക്വാട്ടേഴ്‌സ് കോംപ്ലക്‌സിന് നേരെയും ആക്രമണം നടത്തി.
ആദ്യ ചാവേര്‍ ആസ്ഥാനത്തിന്റെ കവാടത്തിലും രണ്ടാമന്‍ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈനിക കന്റോണ്‍മെന്റിനു സമീപത്താണ് അര്‍ധസൈനിക വിഭാഗം ആസ്ഥാനം. സ്ഥലത്ത് രണ്ടുതവണ സ്‌ഫോടനശബ്ദവും വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.
പോലീസും സൈന്യവും മേഖലയില്‍ എത്തിയിട്ടുണ്ട്. സ്ഥലത്ത് ഇനിയും ആയുധധാരികളുണ്ടെന്നാണ് സംശയിക്കുന്നത്. സൈനിക കന്‍റോൺമെന്‍റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സുള്ളത്. നിരവധി ആളുകളാണ് മേഖലയിൽ താമസിക്കുന്നത്. മേഖലയിലെ റോഡുകൾ എല്ലാം പോലീസ് അടച്ചു.
















