പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കാത്തത് പ്രതി സ്ഥാനത്തു വരാനിടയുള്ള പാര്‍ട്ടി ഉന്നതരെ രക്ഷിക്കാന്‍. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പടെയുള്ള കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സിപിഎമ്മിന് ഉറപ്പാണ്. അറസ്റ്റിനെ രാഷ്ട്രീയമായി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്മകുമാര്‍ കുറ്റാരോപിതന് മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത്.
താന്‍ മിനിറ്റ്സില്‍ പോലും തിരുത്തല്‍ വരുത്തിയത് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ആണെന്നാണ് പത്മകുമാര്‍ എസ്ഐടിക്ക് നല്കിയ മൊഴി. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിയാണിത്. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെ കടകംപള്ളിയുടെ പേര് പറഞ്ഞാല്‍ സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിസ്ഥാനത്താവും. ഇപ്പോള്‍ എംഎല്‍എയായ കടകംപള്ളിയെ എസ്ഐടി ചോദ്യം ചെയ്താല്‍ അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്കേറ്റ കടുത്ത പ്രഹരമാണ് പത്മകുമാറിന്റെയും വാസുവിന്റെയും അറസ്റ്റ്. കടകംപള്ളി കൂടി ചോദ്യംചെയ്യപ്പെടുന്ന അവസ്ഥ പാര്‍ട്ടിയെ ആകെ പ്രതിരോധത്തിലാക്കും.
















