ക്ഷേത്രനഗരിയായ ഗുരുവായൂരില്‍ ടെമ്പിള്‍ ഡിവിഷന്‍ ഗുരുപവനപുരിയില്‍ ഇക്കുറിയും താമര വിരിയും. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വന്‍ വിജയം നേടിയ ശോഭാ ഹരിനാരായണനാണ് ഇക്കുറിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഡിവിഷനില്‍ നടപ്പാക്കിയ വന്‍ വികസന പദ്ധതികളുടെ ആത്മവിശ്വാസമുണ്ട് ശോഭയുടെ വാക്കുകളില്‍.
കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്‍ വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ഡിവിഷനിലുണ്ടായത്. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനവും അമിനിറ്റി സെന്ററും ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന നഗരം കൂടിയാണ് ഗുരുവായൂര്‍. തീര്‍ത്ഥാടന നഗരി എന്ന നിലയ്‌ക്ക് വന്നുപോകുന്ന ഭക്തലക്ഷങ്ങളുടെ ക്ഷേമം കൂടി കണക്കിലെടുത്താകണം വികസനം. ആ നിലയ്‌ക്കുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഡിവിഷനില്‍ നടപ്പിലാക്കാനായത് എന്ന് ശോഭ പറയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപി ഫണ്ട് ഉപയോഗിച്ച് നാല് ഹൈമാസ്റ്റ് ലൈറ്റുകളും അടുത്തിടെ സ്ഥാപിച്ചു. അമൃത് നഗരം പദ്ധതി ഒന്നാംഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിന്റെ ആരംഭദശയിലാണ് ഇപ്പോള്‍. സമ്പൂര്‍ണ കുടിവെള്ള വിതരണപദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇന്നര്‍ റിങ് റോഡ് പൂര്‍ണമായും ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയായി.
2010ലാണ് ശോഭ ആദ്യമായി ഇവിടെ വിജയിക്കുന്നത്. പിന്നീട് 2015ലും 2020ലും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2020 ജനറല്‍ വാര്‍ഡ് ആയിട്ടും ശോഭ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇക്കുറി വനിതാ സംവരണമാണ്. പഴയ ടെമ്പിള്‍ ഡിവിഷന്‍ ഇക്കുറി രണ്ടായി, ഗുരുപവനപുരിയും മഞ്ജുളാല്‍ ഡിവിഷനും. ഗുരുപവനപുരിയിലാണ് ശോഭ മത്സരിക്കുന്നത്. ഡിവിഷനിലെ ഓരോ കുടുംബത്തിനും സ്വന്തം കുടുംബാംഗം പോലെ പരിചിതയാണ് ശോഭ. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തിമാരായ തേലംപറ്റ കുടുംബാംഗമാണ് ശോഭ. പരേതനായ പൊന്നടുക്കം ഹരിനാരായണനാണ് ഭര്‍ത്താവ്. ഭദ്ര, ഭവ്യ എന്നിവര്‍ മക്കള്‍.
















