പനാജി: തന്റെ ഓരോ സിനിമയും ആ കാലഘട്ടത്തില്‍ താന്‍ എന്തായിരുന്നോ അതാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംവിധായകനും നിര്‍മാതാവുമായ വിധു വിനോദ് ചോപ്ര. പരിന്ദ ചെയ്യുമ്പാള്‍ താന്‍ വളരെ ദേഷ്യക്കാരനായിരുന്നുവെന്നും ഇപ്പോള്‍ ശാന്തനാണെന്നും അദ്ദേഹം പറഞ്ഞു.
ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് കലാ അക്കാദമിയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ അഭിജിത് ജോഷിയുമായി നടത്തിയ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാമോഷ് എഴുതിയ സമയത്തെ രസകരമായ സംഭവങ്ങളും പങ്കുവച്ചു. 1994 ല്‍ റിലീസ് ചെയ്ത 1942: എ ലവ് സ്റ്റോറി, ഇന്നാണെങ്കില്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ല. വാണിജ്യ താല്‍പര്യത്തേക്കാള്‍ കലാപരമായ മൂല്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. 1942: എ ലവ് സ്റ്റോറിക്ക് ആര്‍.ഡി. ബര്‍മന്‍ തന്നെ സംഗീതം ഒരുക്കണമെന്നത് തന്റെ തീരുമാനമായിരുന്നു. ബര്‍മന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു അതിലെ ഗാനങ്ങള്‍. അദ്ദേഹം ചിത്രത്തിനായി ആദ്യം ഒരുക്കിയ ഈണങ്ങള്‍ നിര്‍ദാക്ഷണ്യം നിരസിച്ചു. ആ ഗാനങ്ങളില്‍ എസ്.ഡി. ബര്‍മന്‍( ആര്‍.ഡി. ബര്‍മന്റെ പിതാവ്) ആത്മാവ് വേണം എന്നായിരുന്നു തന്റെ ആവശ്യം. ആഴ്ചകള്‍ക്ക് ശേഷമാണ് കുച്ച് ന കഹോ വന്നത്, വിധു വിനോദ് ചോപ്ര പറഞ്ഞു. വേദിയില്‍ അദ്ദേഹം ആ ഗാനം ആലപിച്ചു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമായുള്ള ബന്ധത്തെക്കുറിച്ചും ചോപ്ര പരാമര്‍ശിച്ചു. ഓസ്‌കാറില്‍ പങ്കെടുക്കാന്‍ സഹായിച്ചത് അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയ സ്പര്‍ശിയായ ഗാനങ്ങളാല്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ, 1942: എ ലവ് സ്റ്റോറി ആര്‍.ഡി. ബര്‍മനുള്ള ആദരവായി 8കെ പതിപ്പില്‍ മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു.
ചിത്രത്തിന്റെ എഴുത്തുകാരി കാമ്ന ചന്ദ്ര, നിര്‍മാതാവ് യോഗേഷ് ഈശ്വര്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.
















