എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് കൊച്ചി രാജകുടുംബത്തിന്റെ ഭരദേവതയായ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജനഗരത്തിന് തൃപ്പൂണിത്തുറ എന്ന പേര് വരുന്നതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. മധ്യമ പാണ്ഡവനായ അര്‍ജ്ജുനന്‍ ഭൂമിയില്‍ പ്രതിഷ്ഠിക്കാന്‍ വൈകുണ്ഠത്തില്‍ നിന്നും ഒരു സാളഗ്രമം ആവനാഴിയില്‍ (പൂണി) വെച്ചാണ് കൊണ്ട് വന്നത്. പ്രതിഷ്ഠാ സമയത്ത് പൂണി തുറന്ന് സളഗ്രമം ആചാര്യ ബ്രാഹ്‌മണനു നല്‍കി. പൂണി തുറന്ന് സാളഗ്രാമം നല്‍കിയ സ്ഥലം എന്നതിനാല്‍ പൂണിത്തുറ എന്നായി സ്ഥലപ്പേര്. പ്രതിഷ്ഠ കഴിഞ്ഞ് ദേവസാന്നിധ്യം പരിലസിച്ചു തുടങ്ങിയതോടെ പൂണിത്തുറ എന്നത് തിരു പൂണിത്തുറയും കാലക്രമേണ തൃപ്പൂണിത്തുറയായും മാറി. ത്രയി എന്ന പേരുള്ളതിനാല്‍ വേദസ്വരൂപനായതിനാലാണ് ദേവനെ പൂര്‍ണ്ണത്രയീശന്‍ എന്ന പേരില്‍ ഭക്തര്‍ ആരാധിക്കുന്നത്. ത്രയീ എന്ന പദത്തിന് വേദം എന്ന് അര്‍ത്ഥമുണ്ട്.
വേദജ്ഞനായ പൂജാരി വേണം പൂര്‍ണ്ണത്രയീശന് പൂജ ചെയ്യുവാന്‍. മഹാഭാരത യുദ്ധ നായകനായ അര്‍ജ്ജുനന്‍ ആണ് വിഗ്രഹ പ്രതിഷ്ഠക്കു കാരണഭൂതന്‍ എന്നതിനാല്‍ ക്ഷേത്രത്തിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട് എന്നു കണക്കാക്കപ്പെടുന്നു. ചൊവ്വര, പെരുവനം, ഇരിങ്ങാലക്കുട, വേദനാട് എന്നിവയില്‍ പെട്ടതായിരുന്നു ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം. പന്നിയൂര്‍ ഗ്രാമത്തില്‍പ്പെട്ട മ്പൂതിരിമാരുടെ ഒരു ശാഖ തെക്കോട്ട് വന്നവര്‍ എല്ലാവരും ഒരുമിച്ച് കൂടി രൂപീകരിച്ചതാണ് വേദനാട് ഗ്രാമം. വൈഷ്ണവ ഭക്തി പ്രസ്ഥാനം ശക്തമായപ്പോള്‍ അതില്‍ ആകൃഷ്ടരായി നമ്പൂതിരിമാരോടൊപ്പം കര്‍ണാടകയില്‍ നിന്നുള്ള എമ്പ്രാന്തിരിമാരും ചേര്‍ന്നു. ഇപ്പോഴും ക്ഷേത്ര പൂജാദികള്‍ക്ക് ഉഡുപ്പിയിലെ ശിവോളി ഗ്രാമത്തില്‍പ്പെട്ട വൈഷ്ണവര്‍ എത്തുന്നുണ്ട്.
മഹാവിഷ്ണുവിനെയാണ് പൂര്‍ണ്ണത്രേശനായി സങ്കല്‍പ്പിച്ചിരിക്കുന്നത്. സന്താന ഗോപാല മൂര്‍ത്തിയായും ദേവനെ ആരാധിക്കുന്നു. പുലിയന്നൂര്‍ കുടുംബത്തിനാണ് തന്ത്രിസ്ഥാനം. കൊച്ചി രാജ കുടുംബത്തിന്റെ പരദേവതയാണ് പൂര്‍ണത്രയീശന്‍.
അതിനാല്‍ കൊച്ചി രാജകുടുംബത്തിലെ വിവിധ തലമുറയില്‍പ്പെട്ടവരാണ് ക്ഷേത്രത്തെ ഇന്നു കാണുംവിധമാക്കിയത്. ക്ഷേത്രത്തിലെ ഉല്‍സവാഘോഷത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകള്‍ക്കും മുമ്പ് സ്വര്‍ണ്ണ നെറ്റിപ്പട്ടവും, മറ്റ് ആനക്കോപ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ കൊച്ചി- നിലമ്പൂര്‍ റെയില്‍വേ ലൈന്‍ നിര്‍മ്മാണത്തിനായി ഇവയില്‍ പലതും രാജാവിന് വില്‍പ്പന നടത്തേണ്ടി വന്നു. അവശേഷിച്ച പല സ്വര്‍ണ്ണ ഉരുപ്പടികളും പിന്നീട് മോഷ്ടിക്കപ്പെട്ടു. ജനകീയ ഭരണം വന്നപ്പോള്‍ ക്ഷേത്രം കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.
1096 തുലാമാസം 9ന് ക്ഷേത്രം അഗ്‌നിക്കിരയായി. ഭഗവാന്റെ തിടമ്പും വിഗ്രഹവും സമീപത്തുള്ള പുത്തന്‍ ബംഗ്‌ളാവിലേക്ക് മാറ്റി.
പിന്നീട് ഈച്ചര വാരിയര്‍ എന്ന ശില്‍പ്പി ക്ഷേത്രം പുനര്‍ നിര്‍മാണം നടത്തി. ഇതിനെ അനുസ്മരിപ്പിക്കുന്നതിനായി തുലാം 9-ന് അമ്പലം കത്തി ഉല്‍സവം എന്ന പേരില്‍ ഉല്‍സവം നടത്തുന്നു. അന്ന് ദീപാരാധന സമയത്ത് ക്ഷേത്രത്തിനു ചുറ്റും നിറയെ കര്‍പ്പൂരം കത്തിക്കും. പൂര്‍ണ്ണത്രയീശന്റെ വിഗ്രഹത്തിന് നാലടിയോളം ഉയരമുണ്ട്. വിഗ്രഹവും പീഠവും രണ്ടായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭഗവാന് സ്വര്‍ണ്ണ കിരീടം, ആഭരണങ്ങള്‍, ശംഖ്, ചക്ര ഗദാ പത്മം എന്നിവ ഉണ്ട്. ശ്രീ കോവിലിനുള്ളിലെ കെടാവിളക്ക് ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ സമയത്ത് അര്‍ജ്ജുനന്‍ കത്തിച്ചതാണെന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തില്‍ ഉപദേവതയായി ശ്രീ കോവിലിനു തെക്ക് ഭാഗത്തായി ഗണപതി പ്രതിഷ്ഠയുണ്ട്. ശ്രീ കോവിലിന്റെ പടിഞ്ഞാറു ഭാഗത്ത് അനന്തന്‍ ഉണ്ടെന്നാണ് സങ്കല്‍പ്പം. ചിങ്ങമാസത്തില്‍ മൂശാരി ഉത്‌സവം, തുലാം ഒന്‍പതിന് അമ്പലം കത്തി ഉല്‍സവം, വൃശ്ചികത്തില്‍ പ്രധാന ഉത്‌സവം, കുംഭ മാസത്തില്‍ നങ്ങപ്പെണ്ണ് ഉത്‌സവം എന്നിവയാണ് ക്ഷേത്രോത്‌സവങ്ങള്‍. ഇതില്‍ വൃശ്ചികോല്‍സവത്തിലെ തൃക്കേട്ട നാളിലെ ഉല്‍സവം പ്രധാനപ്പെട്ടതാണ്. ക്ഷേത്രത്തലെ ഉല്‍സവം നടക്കുന്ന സമയത്ത് വില്വമംഗലം സ്വാമിയാര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തി. ശ്രീകോവിലിനുള്ളില്‍ ഭഗവാനെ കണ്ടില്ല. പുറത്ത് നോക്കിയപ്പോള്‍ ഭഗവാന്‍ ആനപ്പുറത്തിരുന്ന് കുട്ടികളോടപ്പം കളിക്കുന്നതാണ് കണ്ടത്. ഉടനെ വില്വമംഗലം ഭഗവാനെ എന്ന് വിളിച്ചപ്പോള്‍ ഭഗവാന്‍ വില്വമംഗലത്തിന് ദര്‍ശനം നല്‍കി. അതിന്റെ അനുസ്മരണം എന്നതാണ് തൃക്കേട്ട ദിവസത്തെ പ്രാധാന്യം. ആദ്യ കാലത്ത് ക്ഷേത്ര വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അത് മാറ്റി നിര്‍മ്മിക്കുന്നതിനു മൂശാരി സമുദായത്തില്‍പ്പെട്ട ആളെ കണ്ടെത്തി. അദ്ദേഹം വിഗ്രഹ നിര്‍മ്മാണത്തിനായി സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, പിത്തള, ഇരുമ്പ് എന്നീ പഞ്ചലോഹങ്ങള്‍ ഉരുക്കി കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ ബിംബ രൂപത്തിലുള്ള കരുവിലേക്ക് ഒഴിച്ചു. ഉരുക്കിയ പഞ്ചലോഹം ബിംബത്തിലേക്ക് ചേര്‍ന്നില്ല. ഒടുവില്‍ അദ്ദേഹം പൂര്‍ണ്ണത്രേശനെ ഭക്തിയോടെ പ്രാര്‍ത്ഥിച്ച് ‘കൂടെന്റെ പൂര്‍ണ്ണത്രേശ’ എന്ന് പറഞ്ഞു. അതോടെ ബിംബം ശരിയായി. എന്നാല്‍ അതോടെ മൂശാരിയും ബിംബത്തോടു ചേര്‍ന്നു എന്നാണ് വിശ്വാസം. ഇതിനെ അനുസ്മരിക്കുന്നതാണ് ചിങ്ങ മാസത്തിലെ മൂശാരി ഉല്‍സവം. നങ്ങേമപെണ്ണിന്റെ ഉല്‍സവം കുംഭ മാസത്തിലാണ് നടത്തുന്നത്. തൃപ്പൂണിത്തുറയിലെ വടക്കേടത്ത് ഇല്ലത്തിലെ നമ്പൂതിരി ദന്വതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. നങ്ങേമ എന്ന് പേരും ഇട്ടു. ജ്യോല്‍സനെ കൊണ്ട് ജാതകം എഴുതിപ്പിച്ചു. പന്ത്രണ്ട് വയസ്സ് വരെ കുട്ടിക്ക് കഷ്ടകാലമാണെന്നും അതിന് പരിഹാരമായി ദിവസവും പൂര്‍ണ്ണത്രേശനെ ദര്‍ശനം നടത്തിയാല്‍ ദോഷങ്ങള്‍ മാറുമെന്നും ജ്യോല്‍സന്‍ പറഞ്ഞു. അതനുസരിച്ച് മാതാപിതാക്കള്‍ നങ്ങേമയെ ദിവസവും ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ട് പോയി. അതിനടിയില്‍ നമ്പൂതിരി ദമ്പതികള്‍ക്ക് വേറെ രണ്ട് കുട്ടികളും ജനിച്ചു. നങ്ങേമക്ക് പന്ത്രണ്ട് വയസ്സു വരെ കഷ്ടകാലം ഉണ്ടായില്ല. യുവതിയായി. നങ്ങേമയെ വിവാഹം കഴിച്ചു കൊടുക്കാന്‍് തീരുമാനിച്ചു. വടക്കുള്ള ഒരു മനയില്‍ നിന്നും നമ്പൂതിരി യുവാവിനെ കണ്ടെത്തി വിവാഹം നിശ്ചയിച്ചു. എന്നാല്‍ നങ്ങേമക്കു സങ്കടമായി. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കണമല്ലൊ. ഭഗവാനെ വിട്ടു പിരിയണമല്ലൊ. ഇതിന് പരിഹാരം കാണൂ ഭഗവാനേ എന്ന് നങ്ങേമ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്‌ക്കിടയില്‍ ഭഗവാന്‍ തന്നെ മാടിവിളിക്കുന്നതായി അവള്‍ക്കു തോന്നി. ഉടനെ ശ്രീകോവിലിനുള്ളിലേക്ക് കയറി. വിഗ്രഹത്തെ കെട്ടിപ്പിടിച്ചു. അതോടെ അവള്‍ ഭഗവാനില്‍ ലയിച്ചു എന്നാണ് ഐതിഹ്യം. അവരുടെ സ്വര്‍ണ്ണമാലയും കമ്മലുകളും ശാന്തിക്കാരന് വിഗ്രഹത്തിന്റെ പീഠത്തില്‍ നിന്നും കിട്ടി. അതിനെ അനുസ്മരിപ്പിക്കുന്നതാണ് നങ്ങേമപെണ്ണ് ഉല്‍സവം. നങ്ങേമപെണ്ണ് ഉല്‍സവ ദിവസം ഭഗവാനെ വടക്കേടത്ത് ഇല്ലത്തേക്ക് എഴുന്നള്ളിച്ച് കൊണ്ട് പോകും. അവിടെ വച്ച് കുടുംബാംഗങ്ങള്‍ ഭഗവാനെ മോതിരം അണിയിക്കും. തിരിച്ച് ഭഗവാന്‍ കുടുംബാംഗങ്ങള്‍ക്ക് ഓണപ്പുടവ കൊടുക്കും. ഭഗവാന്‍ കൊടുക്കുന്നതിന്റെ സങ്കല്‍പ്പമായി തന്ത്രിയാണ് പുടവ കൊടുക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തില്‍ ദേവി ഉണ്ടെന്നാണ് സങ്കല്‍പ്പം. അതിനാല്‍ കുംഭമാസത്തില്‍ ഉത്രം നക്ഷത്രത്തില്‍ കളമെഴുത്തുപാട്ട് ഉണ്ട്.
ക്ഷേത്രത്തില്‍ മൂന്ന് ഗോപുരങ്ങള്‍ ഉണ്ട്. കിഴക്ക്, പടിഞ്ഞാറ്, തെക്ക്. എന്നാല്‍ തെക്കെ ഗോപുര നട തുറക്കാറില്ല. കൊച്ചി രാജ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ പല ഭാഗങ്ങളിലായി ഇരു നില മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവിടേക്ക് രാജ കുടുംബാംഗങ്ങള്‍ക്ക് മാത്രമെ പ്രവേശനമുള്ളു. ജനകീയ ഭരണം വന്നുവെങ്കിലും അതിന് മാറ്റം വന്നിട്ടില്ല. കൊച്ചി രാജാവ് പ്രജകള്‍ക്ക് സമയം അറിയുന്നതിനായി പൂര്‍ണ്ണത്രയീശ ക്ഷേത്രിനു മുന്നിലായി മാളിക നിര്‍മ്മിച്ച് അതിനുള്ളില്‍ വലിയ ക്‌ളോക്കും സ്ഥാപിച്ചിട്ടുണ്ട്.
















