പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗിന്റെ എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക സമിതി രൂപികരിച്ചു. പൊലീസ് കോഡിനേറ്റര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ഒരു മിനിറ്റില്‍ 18-ാം പടി കയറുന്ന തീര്‍ത്ഥാടകരുടെ എണ്ണം 85 ആക്കി ഉയര്‍ത്താന്‍ പരിചയ സമ്പന്നരായ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും.നിലയ്‌ക്കലിലെ പാര്‍ക്കിംഗ് സംവിധാനം വിപുലീകരിക്കാന്‍ തീരുമാനമായി. എല്ലാദിവസവും എഡിഎമ്മിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ശനിയാഴ്ച പമ്പയില്‍ നടന്ന മന്ത്രി തലയോഗത്തിലാണ് തീരുമാനം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പമ്പയില്‍ അവലോകനയോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാല്‍ മന്ത്രി അടക്കം പരസ്യമായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചില്ല.
ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗില്‍ ഹൈക്കോടതി നേരത്തേ ഇളവുവരുത്തിയിരുന്നു. സ്‌പോട്ട് ബുക്കിംഗ് എത്രപേര്‍ക്ക് നല്‍കണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിങ് എത്രവേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നിര്‍ദേശം.
















