കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയെന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്.ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ ഇടത് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിക്കുകയുണ്ടായി.
ഇവിടെ സ്ഥാനാര്‍ഥികളായി നിശ്ചയിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതിനാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ പോയത്. ജില്ലാ കളക്ടര്‍ സിപിഎമ്മിനെ സഹായിക്കുകയാണെന്നും ഡിസിസി അധ്യക്ഷന്‍ ആരോപിച്ചു.
അതിനിടെ, നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ ഒമ്പതു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നല്‍കിയ പത്രിക തള്ളി.
പഞ്ചായത്തിലെ മറ്റ് രണ്ടുവാര്‍ഡുകളിലെ ഇടത് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. കണ്ണപുരം പഞ്ചായത്തിലെ മൂന്ന്, പത്ത് വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികകളും തള്ളിപ്പോയി.
















