കൊച്ചി: അഞ്ച് വര്‍ഷത്തിനുള്ളില്‍ 14.38 കോടി രൂപയുടെ സ്വത്ത് 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി .2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയിലാണ് പി.വി. അന്‍വറിന്റെ സ്വത്തില്‍ 50 കോടിയുടെ കുതിച്ചുചാട്ടം ഉണ്ടായത്. പിവി അൻവറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിശദമായ വാർത്താക്കുറിപ്പിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ് സി) വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. വെള്ളിയാഴ്ചയാണ് അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.
അൻവർ ലോണെടുത്ത തുക വകമാറ്റിയിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അൻവറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ യഥാർഥ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്‍റയും പേരിലാണ് സ്ഥാപനം ഉളളതെങ്കിലും യഥാര്‍ത്ഥ ഉടമ അന്‍വറാണ്. കെഎഫ് സിയില്‍ നിന്നും വായ്‌പയെടുത്ത 22 കോടിലിയധികം രൂപ അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയിരിക്കുകയാണ്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഈട് നൽകിയ വസ്തുവിന്റെ മുൻകാല ചരിത്രം കൃത്യമായി പരിശോധിച്ചിട്ടില്ല.15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പിവി അൻവറിന്റെ ബെനാമി ഇടപാടുകൾ സംശയിക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പിവിആർ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിർമ്മിച്ചതെന്നും, ഈ നിർമ്മാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി.
കള്ളപ്പണത്തിന്റെ അളവ്, ഫണ്ട് വകമാറ്റൽ, ബെനാമി സ്വത്തുക്കൾ എന്നിവ കണ്ടെത്താനുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
















