ചെന്നൈ: തെന്നിന്ത്യൻ സിനിമാ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നടി മുംതാസ് ഇപ്പോൾ പൂർണ്ണമായും ആത്മീയ പാതയിലാണ് . സിനിമാ തിരക്കുകളിൽ നിന്ന് മാറി അമേരിക്കയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഇസ്ലാമിക മതപഠനം നടത്തുകയാണ് മുംതാസ് .
“ഞാനിപ്പോൾ സെക്കന്റ് ഇയറാണ്. ഒന്നിലധികം ഇസ്ലാമിക് കോഴ്സുകൾ ചെയ്യുന്നുണ്ട്. വീട്ടിൽ ഖുർആൻ പഠിപ്പിക്കാനായി ടീച്ചർ വരും. എല്ലാ ദിവസവും ദൈവത്തെക്കുറിച്ച് പഠിക്കുന്നു ‘ – മുംതാസ് പറഞ്ഞു.
നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം തനിക്ക് ഇനി വേണ്ടെന്നാണ് ഇപ്പോൾ മുംതാസ് പറയുന്നത്. ഖുർ ആൻ മനപാഠമാക്കാനും തർജമ ചെയ്യാനുമാണ് താൻ ഏറെ ആഗ്രഹിക്കുന്നതെന്ന് തമിഴ് മാധ്യമമായ ബിഹൈന്‍ഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
‘ നടിയായിരുന്നുപ്പോൾ ആരാധകർ നൽകിയ സ്നേഹം ഇനി വേണ്ട. അതിന് മറ്റൊരാളെ കണ്ടെത്തണം. ഈ രംഗത്ത് അതിനർഹതപ്പെട്ട ഒരുപാടുപേരുണ്ട്. അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തയായ നടിയാകാനാണ് ആഗ്രഹിച്ചത്. അതിനുവേണ്ടി കഠിനാധ്വാനം ചെയ്തു. താൻ അഭിനയിച്ച സിനിമകൾ ഇനി ആരും കാണണമെന്ന ആഗ്രഹം ഇല്ല. ആ സിനിമകളുടെ റൈറ്റ്സ് കിട്ടിയിരുന്നെങ്കിൽ വാങ്ങി കത്തിച്ച് കളയണം.
വലിയ അവസരങ്ങൾ വേണ്ടെന്ന് വെച്ചത് തന്റെ തീരുമാനമല്ല, അള്ളാഹുവിന്റെ തീരുമാനമാണ് . കുടുംബ സ്വത്തുക്കളാണ് ഞാൻ വാടകയ്‌ക്ക് നൽകിയത്. എനിക്ക് ലഭിക്കുന്നത് ഹലാലായ വരുമാനം മാത്രമാണ്. മതപ്രഭാഷണങ്ങൾ നടത്തുന്നതിന് പ്രതിഫലം വാങ്ങാൻ സാധിക്കുമെങ്കിലും ഞാൻ അത് സ്വീകരിക്കില്ല.
നടിയായിരുന്ന കാലത്തെ സമ്പാദ്യം കൊണ്ടല്ല വീട് വെച്ചത്. ബിഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഇപ്പോഴുള്ള എന്റെ വാഹനത്തിന്റെ ഡൗൺ പേയ്‌മെന്റ് അടയ്‌ക്കാൻ പറ്റി. അതിനപ്പുറം ഞാനൊന്നും ഈ രംഗത്ത് നിന്ന് നേടിയിട്ടില്ല. കാരണം ഇങ്ങനെയുണ്ടാക്കുന്ന പെെസ ഗുണം ചെയ്യില്ല.” മുംതാസ് കൂട്ടിച്ചേർത്തു.
















