ന്യൂദല്‍ഹി: ബദ്ധശത്രുക്കളായ ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് ജനാധിപത്യം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഉദാഹരണമാണെന്ന് ശശി തരൂര്‍. പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തിയതിന് തന്നെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസിനുള്ള പരോക്ഷമായ വിമര്‍ശനമാണ് ശശി തരൂര്‍ നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ജനാധിപത്യ ശൈലിയില്ലെന്നും താന്‍ മോദിയെ പുകഴ്‌ത്തിയപ്പോള്‍ തന്നോട് പകയോടെ പെരുമാറിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ജനാധിപത്യ രീതി അറിയാത്തതിനാലാണെന്നും ആണ് ശശി തരൂര്‍ സൂചിപ്പിച്ചത്.
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏതാനും മാസങ്ങളായി സൊഹ്റാന്‍ മംദാനിയും ട്രംപും അങ്ങേയറ്റം ശത്രുതയോടെ നിലകൊള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പരസ്പരം ശത്രുതയോടെ പെരുമാറിയാലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ജനാധിപത്യത്തിന്റെ രീതി എന്നും ശശി തരൂര്‍ കുറിച്ചു.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ ശശി തരൂര്‍ അങ്ങേയറ്റം പുകഴ്‌ത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികളെ പിന്തുണച്ച് ശശി തരൂര്‍ വിദേശരാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി ശശി തരൂരിനെതിരെ രംഗത്ത് വന്നു. രാംനാഥ് ഗോയങ്കയുടെ സ്മരണാര്‍ത്ഥം ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അനുസ്മരണപരിപാടിയില്‍ ഈയിടെ മോദി നടത്തിയ പ്രഭാഷണം കേള്‍ക്കാന്‍ ശശി തരൂര്‍ പോയിരുന്നു. പരിപാടിക്ക് ശേഷം ശശി തരൂര്‍ മോദിയുടെ പ്രസംഗത്തെ പുകഴ്‌ത്തിയിരുന്നു. ഇതും കോണ്‍ഗ്രസിനുള്ളില്‍ ശശി തരൂരിനെതിരെ കടുത്ത വെറുപ്പ് ഉയര്‍ത്തിയിരുന്നു.
















