പത്തനംതിട്ട: കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിസ്ഥാനത്തുള്ള മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ സംരക്ഷിക്കാന്‍ മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കര്‍ ഇടപെടുന്നതായി ആരോപണം. എ. പത്മകുമാര്‍ പ്രസിഡന്റായ 2017-19 കാലത്ത് ദേവസ്വം ബോര്‍ഡിലെ പ്രധാന തീരുമാനങ്ങളിലെല്ലാം ശങ്കരദാസിനു കൃത്യമായ പങ്കുണ്ടായിരുന്നു.
ശബരിമല യുവതീ പ്രവേശനം നടപ്പാക്കാന്‍ കമ്മിഷണര്‍ എന്‍. വാസുവിനൊപ്പം പ്രവര്‍ത്തിച്ച വൃക്തിയാണ് ശങ്കരദാസ്. ഇദ്ദേഹത്തിന്റെ മകനും അന്നത്തെ കോട്ടയം എസ്പിയുമായിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും മനീതി സംഘത്തെ പോലീസ് അകമ്പടിയോടെ സന്നിധാനത്തെത്തിച്ചത്. ഒപ്പം 2018 സീസണില്‍ ശബരിമല ചന്ദ്രാനന്ദന്‍ റോഡുവരെ മലകയറി എത്തിയ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും അവിടെ നിന്നു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി 2019 ജനുവരി രണ്ടിന് രാത്രിയുടെ മറവില്‍ സന്നിധാനത്ത് എത്തിക്കാന്‍ കളമൊരുക്കിയതും ഹരിശങ്കര്‍ ആയിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായപ്പോള്‍ സംരക്ഷണം ഒരുക്കാനാണ് ഹരിശങ്കറിന്റെ ശ്രമം.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ ഇനി ചോദ്യം ചെയ്യാനുള്ളവരില്‍ പ്രധാനിയാണ് മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷണന്‍. 2019-ല്‍ ദ്വാരപാലക പാളികള്‍ ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശിയശേഷം അവിടെയെത്തി പരിശോധന നടത്തിയത് ഇദ്ദേഹമായിരുന്നു. ശരിയായ പാളികളുടെ തൂക്കവും സ്വര്‍ണത്തിന്റെ അളവും കൃത്യമായി രേഖപ്പെടുത്താതെ മഹസര്‍ തയാറാക്കിയത് രാധാകൃഷ്ണന്‍ ആയിരുന്നു.
എന്നാല്‍ തിരികെ സന്നിധാനത്തെത്തി ദേവസ്വം അക്കൗണ്ടിങ്ങിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ആര്‍.ജി. രാധാകൃഷ്ണന്‍ ഒരു കത്ത് സമര്‍പ്പിച്ചിരുന്നു. തിരുവാഭരണ രജിസ്റ്ററില്‍ പോലും കൃത്യതയില്ലെന്ന പരാമര്‍ശവും കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കത്തില്‍ ചെമ്പുപാളികളിലെ സ്വര്‍ണ ഫോയില്‍ മാറ്റിയശേഷം പേരിനു മാത്രം സ്വര്‍ണം പൂശിയതിനെപ്പറ്റി കത്തില്‍ പരാമര്‍ശമില്ല എന്നത് ശ്രദ്ധേയം. ഈ കത്തിലെ വിവരങ്ങളില്‍ ഇ ഡിയും അന്വേഷണം നടത്തുന്നുണ്ട്. തിരുവാഭരണ കമ്മിഷണര്‍ പദവിക്കു മുമ്പ് ഒരു വര്‍ഷക്കാലം ഫിനാന്‍സ് കമ്മിഷണര്‍ പദവി വഹിച്ച വ്യക്തിയാണ് ആര്‍.ജി. രാധാകൃഷ്ണന്‍. ബോര്‍ഡിന്റെ എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്യിക്കേണ്ട ചുമത ഫിനാന്‍സ് കമ്മിഷണര്‍ക്കുണ്ട്. രജിസ്റ്ററുകള്‍ കൃത്യമല്ലെങ്കില്‍ എന്തുകൊണ്ട് രാധാകൃഷ്ണന്‍ അന്ന് അക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും പ്രസക്തം.
















