തിരുവനന്തപുരം: രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനുമായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്’ (ഐസിപി) അനുമതി നല്‍കി. ഇതോടെ തുറമുഖത്ത് എത്തുന്ന കപ്പലിലെ ജീവനക്കാര്‍ക്ക് ക്രൂ ചേഞ്ചിന്റെ ഭാഗമായി കരയ്‌ക്കിറങ്ങാന്‍ കഴിയും. വിഴിഞ്ഞത്ത് കൂടുതല്‍ കപ്പലുകള്‍ എത്തുകയും കയറ്റുമതി, ഇറക്കുമതി കണ്ടെയ്‌നറുകള്‍ ഒരുപോലെ കൈകാര്യം ചെയ്യാനുമാകും. വിനോദസഞ്ചാരികളുമായി എത്തുന്ന കപ്പലുകളെയും വിഴിഞ്ഞത്ത് അടുപ്പിക്കാനാകും.
സംസ്ഥാനത്തിന് വന്‍ വികസന സാധ്യതകളും സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നതാണ് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്. ക്രൂചേഞ്ചിന്റെ ഭാഗമായി കപ്പല്‍ ജീവനക്കാര്‍ വിഴിഞ്ഞത്ത് ഇറങ്ങുന്നതോടെ വാഹന ഗതാഗതത്തിനും ഹോട്ടല്‍ മുറികള്‍ക്കും കൂടുതല്‍ ആവശ്യക്കാരുണ്ടാകും. നികുതി ഇനത്തില്‍ മാത്രം കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചേരും.
2020 ജൂലൈയില്‍ ആരംഭിച്ച ക്രൂ ചേഞ്ചിങ് കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡയറക്ടര്‍ ജനറല്‍ ഒാഫ് ഷിപ്പിങ്ങിന്റെ ഉത്തരവിനെ തുടര്‍ന്ന് 2022 ജൂലൈയില്‍ നിര്‍ത്തിവെച്ചിരുന്നു. ഈ സമയത്ത് എഴുന്നൂറിലധികം കപ്പലുകള്‍ ക്രൂചേഞ്ചിനായി വിഴിഞ്ഞത്ത് എത്തിയിരുന്നു. നികുതി ഇനത്തില്‍ 20 കോടിയിലധികം രൂപ അന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
















