പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പത്മകുമാറിന്റെ മൊഴിയെത്തുടര്‍ന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംശയ നിഴലിലായതോടെ ഇനി
ചോദ്യം ചെയ്യാനുള്ള പ്രധാന വ്യക്തികള്‍ ആറായി. ഈ പട്ടിക ആറില്‍ ഒതുങ്ങുമോ, അതോ വളരെ പ്രമുഖനായ ഒരു ഏഴാമന്‍ കൂടി പട്ടികയില്‍ ഇടംപിടിക്കുമോ എന്നതും പ്രമുഖനായ ഏഴാമന്‍ ആരാകും എന്നതും അറിയാന്‍ കേരളം ഉദ്വേഗപൂര്‍വം കാത്തിരിക്കുന്നു.
മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍മാരായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, കെ. രാഘവന്‍, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് ഇനി ചോദ്യം ചെയ്യപ്പെടാനുള്ള ആറ് പ്രമുഖര്‍. ഇതില്‍ കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഇല്ലാത്തത്.
ഇതുവരെ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസു, മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന് എതിരേയാണ് മൊഴി നല്കിയത്.
സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പുപാളികള്‍ മാത്രമായി വിശേഷിപ്പിച്ചതും അവ പോറ്റി വശം ചെന്നൈക്ക് കൊടുത്തു വിട്ടതും പദ്മകുമാര്‍ പറഞ്ഞിട്ടാണെന്നാണ് ഇവര്‍ എസ്‌ഐടിയോട് വ്യക്തമാക്കിയത്. കൂടാതെ ഈ നിര്‍ദേശം സ്വന്തം കൈപ്പടയില്‍ എഴുതി ബോര്‍ഡില്‍ അജണ്ടയായി അവതരിപ്പിച്ച് ഉത്തരവിറക്കിയതും പത്മകുമാറാണെന്ന് എസ്‌ഐടി കണ്ടെത്തി. കമ്മിഷണറുടെ ഓഫീസില്‍ വരെ പത്മകുമാര്‍ ഇടപെട്ടു എന്നാണ് മറ്റൊരു കണ്ടെത്തല്‍.
ദേവസ്വം മാനുവല്‍ മറികടന്ന് പത്മകുമാര്‍ നടത്തിയ നീക്കം ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാനായിരുന്നെന്ന് വ്യക്തം. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ ഇത് ചെയ്തതെന്നാണ് പത്മകുമാര്‍ എസ്‌ഐടിയോടു വെളിപ്പെടുത്തിയത്.
ഇതോടെയാണ് അന്വേഷണം കടകംപള്ളിക്കു നേരേയും തിരിഞ്ഞത്.
















