ന്യൂദൽഹി: ആലപ്പുഴ ജില്ലയിലെ നൂറനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡോ–ടിബറ്റൻ ബോർഡർ പോലീസ് (ITBP) 27-ാം ബറ്റാലിയൻ, വിശിഷ്ടമായ ഓപ്പറേഷണൽ നേട്ടങ്ങൾക്കും വ്യാപകമായ ജനസേവന പ്രവർത്തനങ്ങൾക്കുമായുള്ള മികച്ച ആന്റി–നക്സൽ ബറ്റാലിയനുള്ള ട്രോഫി. കേരളത്തിലാണ് ആസ്ഥാനം എങ്കിലും, 27-ാം ITBP ബറ്റാലിയൻ മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയും ഛത്തീസ്ഗഡിലെ കാങ്കേറുമായി അതിർത്തി പങ്കിടുന്ന വെല്ലുവിളികളും അപകടങ്ങളും നിറഞ്ഞ മൊഹലാ–മാൻപൂർ മേഖലയിലാണ് തന്ത്രപ്രധാനമായി വിന്യസിച്ചിരിക്കുന്നത്.
2026 മാർച്ചിനുള്ളിൽ നക്സൽ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ഈ യൂണിറ്റിന്റെ സംഭാവന നിർണായകമാണ്. 2025 ആഗസ്റ്റിൽ നടന്ന ഒരു പ്രധാന ഏറ്റുമുട്ടലിൽ, 27-ാം ബറ്റാലിയൻ രണ്ട് മുതിർന്ന നക്സൽ നേതാക്കളായ വിജയ് യ് റെഡ്ഢി (സ്റ്റേറ്റ് സോണൽ കമ്മിറ്റി അംഗം), ലോകേഷ് സലാമി (രാജ്നന്ദ്‌ഗാവൻ–കാങ്കേർ ബോർഡർ (RKB) ഡിവിഷൻ സെക്രട്ടറി) എന്നിവരെ വധിച്ചത് വലിയ വിജയമായി കണക്കാക്കപ്പെടുന്നു.
ഛത്തീസ്ഗഡിലെ മുൻനിര CAPF യൂണിറ്റുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന 27-ാം ബറ്റാലിയന്റെ തുടർച്ചയായ സമ്മർദ്ദമാണ് നാല് DVCM-മാരെയും അഞ്ച് ACM-മാരെയും ഉൾപ്പെടെ ഒമ്പത് പ്രധാന നക്സൽ നേതാക്കളെ ആയുധം വച്ചു കീഴടങ്ങാൻ പ്രേരിപ്പിച്ചത്. കൂടാതെ, നിരവധി നക്സൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും നക്സൽ ലോജിസ്റ്റിക് ശൃംഖല തകർക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വൻതോതിൽ നക്സൽ കീഴടങ്ങലുകൾ നേടാൻ ഈ യൂണിറ്റ് നിർണായക പങ്കുവഹിച്ചു.
2009 ജൂലായിൽ എസ്.പി വി.കെ. ചൗബേയും 28 പോലീസുകാരും വീരമൃത്യു വരിച്ച കർക്കുട്ടി ഏറ്റുമുട്ടൽ നടന്ന അതേ മാൻപൂർ മേഖലയിലാണ് 27-ാം ബറ്റാലിയന്റെ വിന്യാസം എന്നതും ഈ നേട്ടത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ഈ അംഗീകാരം 27-ാം ITBP ബറ്റാലിയന്റെ ഉജ്ജ്വലമായ സമർപ്പണത്തെയും ശൗര്യത്തെയും വ്യക്തമാക്കുന്നതാണ്.
ഛത്തീസ്ഗഡിലെ ഓപ്പറേഷനുകൾക്ക് പുറമേ, നൂറനാട് ആസ്ഥാനമായ ഈ ബറ്റാലിയൻ ദുരന്തനിവാരണ–രക്ഷാപ്രവർത്തനങ്ങൾക്കും മുൻ CAPF സേനാംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും വർഷങ്ങളായി പ്രധാന കേന്ദ്രമായി പ്രവർത്തിച്ചു വരുന്നു. ജമ്മു കാശ്മീരിലെ ഉധംപൂരിൽ നടന്ന ITBP സ്ഥാപക ദിന പരേഡിൽ ITBP ഡയറക്ടർ ജനറൽ ശ്രീ പ്രവീൺ കുമാറിൽ നിന്ന് കമാണ്ടന്റ്മാരായ വിവേക് കുമാർ പാൻഡെയും ബുദ്ധി പ്രകാശ് ബഡായയുമാണ് ട്രോഫി ഏറ്റുവാങ്ങിയത്.
















