ദുബായ് ഇന്ത്യയുടെ തേജസ് യുദ്ധവിമാനം അഭ്യാസ പ്രകടനത്തിനിടെ തകർന്നു വീണു .ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിൽ ഒന്നായ ദ്വൈവാർഷിക ദുബായ് എയർ ഷോയിലാണ് സംഭവം.
പൈലറ്റിന്റെ നിലയെക്കുറിച്ചോ ഇടിക്കുമുമ്പ് പുറത്തേക്കു ചാടാനായോ എന്നതിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. എംറേറ്റ്സ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികൾ ബില്ല്യൺ ഡോളറുകളുടെ എയർക്രാഫ്റ്റ് ഓർഡറുകൾ പ്രഖ്യാപിച്ചിരിക്കുന്ന ഷോയിൽ അപകടവാർത്ത വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.
തേജസ് 4.5-ാം തലമുറയിലെ ബഹുമുഖ യുദ്ധവിമാനമാണ്. എയർ ഡിഫൻസ്, പ്രത്യാക്രമണ എയർ സപ്പോർട്ട്, അടുത്തദൂര വ്യോമയുദ്ധം എന്നിവയ്‌ക്കായി പ്രത്യേകിച്ചാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ലഘുവും ചെറുതുമായ യുദ്ധവിമാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന തേജസ് കര-സമുദ്ര ദൗത്യങ്ങൾ നിർവഹിക്കാനും കഴിവുള്ള ബഹുമുഖ സാങ്കേതിക ഘടനയുള്ളതുമാണ്. വ്യോമസേനക്കും നാവികസേനക്കും വേണ്ടി സിംഗിൾ-സീറ്റ് യുദ്ധവിമാനങ്ങളും രണ്ട് സീറ്റുള്ള ട്രെയിനർ വിമാനങ്ങളും ഉൾപ്പെടുന്ന വകഭേദങ്ങളാണ് തേജസ് കുടുംബത്തിലുള്ളത്.
പ്രദർശന പറക്കലിനിടെ വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെടുകയും സെക്കന്റ്‌ങ്ങൾക്കകം കറുത്ത പുക ഉയരുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.
ഇന്ത്യയുടെ യുദ്ധവിമാന ശേഖരം ആധുനികമാക്കാനും വിദേശ ആശ്രയം കുറയ്‌ക്കാനും ലക്ഷ്യമിട്ടുള്ള പരിശ്രമങ്ങളിൽ തേജസ് പദ്ധതി നിർണായക പങ്കാണ് വഹിക്കുന്നത്. 2016ൽ ‘ഫ്ലൈയിംഗ് ഡാഗേഴ്സ്’ എന്നറിയപ്പെടുന്ന 45-ാം സ്ക്വാഡ്രണിലാണ് തേജസ് ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ചേർക്കപ്പെട്ടത്.
















