കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കോലത്തിരി രാജവംശത്തിലെ ഇളമുറക്കാരനും. ചിറക്കല്‍ കോവിലകത്തെ സുരേഷ് വര്‍മ്മയാണ് ജില്ലാ പഞ്ചായത്ത് അഴീക്കോട് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. രാജഭരണകാലത്ത് കോലത്തുനാട്ടില്‍ ഭരണം നടത്തിയ കോലത്തിരി രാജവംശം കേരളത്തിലെ പുരാതന രാജവംശമായ മൂഷക രാജവംശത്തിന്റെ പിന്‍ഗാമികളായാണ് അറിയപ്പെടുന്നത്. രാജഭരണമില്ലെങ്കിലും ആ സദ്ഭരണത്തിന്റെ ശേഷിപ്പുകള്‍ ഇന്നും നമുക്ക് കാണാന്‍ സാധിക്കും. 350 വര്‍ഷം മുമ്പ് ചിറക്കലില്‍ നിര്‍മിച്ച ചിറക്കല്‍ചിറ മനുഷ്യ നിര്‍മിതമായ ഏഷ്യയിലെ ഏറ്റവും വലിയ ചിറകളിലൊന്നാണ്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സുകളിലൊന്നാണ് ഇപ്പോള്‍ ചിറക്കല്‍ ചിറ. നിരവധി ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും ചിറക്കല്‍ രാജവംശത്തിന്റെ തുടര്‍ച്ചയായി ഇപ്പോഴും കാണാം.
തമ്പുരാന്‍ സ്വാമിയെന്ന് ചിറക്കല്‍ നിവാസികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന പരേതനായ ആര്‍. രവിവര്‍മ്മയുടെയും ചിറക്കല്‍ കോവിലകത്തെ ഇപ്പോഴത്തെ വലിയതമ്പുരാട്ടി ചന്ദ്രമതിത്തമ്പുരാട്ടിയുടെയും മകനാണ് സുരേഷ് വര്‍മ്മ. ചിറക്കല്‍ ദേവസ്വത്തിന് കീഴിലുള്ള ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ മാനേജരാണ്. ഭാര്യ അദ്ധ്യാപികയും സംഗീതജ്ഞയുമായ സുമ സുരേഷ്. മക്കള്‍ ഹരികൃഷ്ണന്‍, ഗോപീ കൃഷ്ണന്‍.
ചിറക്കല്‍ പഞ്ചായത്തിലെ 10 വാര്‍ഡുകളും അഴീക്കോട്, വളപ്പട്ടണം എന്നീ പഞ്ചായത്തിലെ വാര്‍ഡുകളും ചേര്‍ന്നതാണ് അഴീക്കോട് ഡിവിഷന്‍. പ്രദേശത്ത് എല്ലാ വിഭാഗത്തിനും സുപരിചിതനാണ് സുരേഷ് വര്‍മ്മ. ചിറക്കല്‍ കോവിലകത്തെ ഇളമുറക്കാരനെന്ന നിലയില്‍ രാജവംശവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമെല്ലാം നേതൃത്വം കൊടുക്കുന്നതും സുരേഷ് വര്‍മ്മയാണ്. ചിറക്കല്‍ ചാമുണ്ഡിക്കോട്ടത്ത് മൂന്ന് വര്‍ഷം മുമ്പ് നടന്ന പെരുങ്കളിയാട്ടത്തിന്റെ മുഖ്യസംഘാടകനായിരുന്നു.
















