പനാജി: 56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവയുടെ തീരത്ത് ഇനിയുള്ള ഏഴ് ദിനരാത്രങ്ങളില്‍ വെള്ളിത്തിരയുടെ മാസ്മരിക അലകള്‍. ഓപ്പണ്‍ പരേഡോടുകൂടിയാണ് ഐഎഫ്എഫ്ഐക്ക് തുടക്കമായത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുകന്‍, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ശ്രീപദ് നായിക്, ഗോവ ഗവര്‍ണര്‍ പശുപതി അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, ബോളിവുഡ് നടന്‍ അനുപം ഖേര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നന്ദമുരി ബാലകൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു.
ഗോവയുടെ പാരമ്പര്യവും തനിമയും വിളിച്ചോതിയ ടാബ്ലോയ്ഡുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടാബ്ലോയ്ഡുകളും സിനിമാ പ്രേമികളുടെ മനം കവര്‍ന്നു. പനാജിയിലെ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റിയില്‍ നിന്ന് കലാ അക്കാദമിയിലേക്ക് നടന്ന ഓപ്പണ്‍ പരേഡില്‍ 50-ാം വര്‍ഷം ആഘോഷിക്കുന്ന ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരെ ആദരിച്ചുകൊണ്ടുള്ള പ്രത്യേക ടാബ്ലോയിഡും അണിചേര്‍ന്നു. 55 വര്‍ഷത്തെ ഫെസ്റ്റിവല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണ്‍ പരേഡ് സംഘടിപ്പിക്കുന്നത്. ബ്രസീലിയന്‍ ചിത്രം ദ ബ്ലൂ ട്രെയ്ല്‍ ആയിരുന്നു ഉദ്ഘാടന ചിത്രം.
മേളയോട് അനുബന്ധിച്ച് വേവ്സ് ഫിലിം ബസാറിന്റെ 19-ാം എഡിഷന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി എല്‍. മുരുകന്‍ നിര്‍വഹിച്ചു.
ദക്ഷിണ കൊറിയന്‍ നാഷണല്‍ അസംബ്ലി അംഗം ജോവന്‍ കിം വിശിഷ്ടാതിഥിയായി. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വന്ദേമാതരം ആലപിച്ചുകൊണ്ട് ജോവന്‍ കിം കൈയടി നേടി.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, ബോളിവുഡ് നടന്‍ അനുപം ഖേര്‍, വേവ്സ് ബസാര്‍ അഡൈ്വസര്‍ ജറോം പൈലാഡ്, ഓസ്ട്രേലിയന്‍ സംവിധായകന്‍ ഗാര്‍ത്ത് ഡേവിസ്, എന്‍എഫ്ഡിസി എംഡി പ്രകാശ് മഗ്ദം തുടങ്ങിയവര്‍ പങ്കെടുത്തു.













