തൃശൂര്‍: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ തൃക്കേട്ട പുറപ്പാട് മേളത്തിന് ഇക്കുറി പെരുവനം കുട്ടന്‍മാരാരുണ്ടാകില്ല. അമ്മാവന്‍ തൃക്കൂര്‍ മാക്കോത്ത് ശങ്കരന്‍കുട്ടിമാരാരുടെ മരണത്തെത്തുടര്‍ന്ന് പുലയായതിനാലാണ് കുട്ടന്‍മാരാരില്ലാതെ തൃക്കേട്ടമേളം അരങ്ങേറുന്നത്.
കാല്‍നൂറ്റാണ്ടായി പൂര്‍ണത്രയീശന്റെ തൃക്കേട്ട മേളത്തിന്റെ അമരക്കാരനാണ് പെരുവനം. ബുധനാഴ്ചയാണ് വൃശ്ചികോത്സവത്തിന് കൊടിയേറിയത്. ആദ്യദിനത്തില്‍ തിരുവല്ല രാധാകൃഷ്ണനായിരുന്നു മേളപ്രമാണം. ഇന്നലെ പഴുവില്‍ രഘുമാരാര്‍ ഉത്സവമേളത്തിന് നേതൃത്വം നല്‍കി. നാലാം ദിനമായ 24നാണ് പ്രസിദ്ധമായ തൃക്കേട്ടപുറപ്പാട്. തൃക്കേട്ടദിനമായ നാളെ പെരുവനത്തിന്റെ പിറന്നാള്‍ദിനം കൂടിയാണ്. പതിറ്റാണ്ടുകളായി പിറന്നാള്‍ ആഘോഷം തൃപ്പൂണിത്തുറയിലാണ്. 1976ല്‍ 23 വയസിലാണ് തൃപ്പൂണിത്തുറ ഉത്സവത്തിന് പെരുവനം ആദ്യമെത്തുന്നത്. 1987 ലാണ് മാരാര്‍ തൃപ്പൂണിത്തുറ ഉത്സവത്തിന്റെ ചുമതല ഏല്‍ക്കുന്നത്. രണ്ടുവര്‍ഷം പെരുവനത്തിന്റെ ചുമതലയില്‍ തൃപ്പേക്കുളം അച്യുതമാരാരായിരുന്നു പ്രമാണി. 1989 ല്‍ തൃപ്പേക്കുളത്തിന് വരാനായില്ല. ആ വര്‍ഷം ഉത്സവമേളം മുഴുവനായി കുട്ടന്‍മാരാര്‍ പ്രമാണിച്ചു. 90ല്‍ തൃപ്പേക്കുളം മടങ്ങിയെത്തി. തുടര്‍ന്ന് 10 വര്‍ഷം തൃപ്പേക്കുളവും പെരുവനവും മാറിമാറിയായിരുന്നു പ്രമാണം. 2001ല്‍ തൃക്കേട്ട മേളത്തിനിടെ തൃപ്പേക്കുളത്തിന് വയ്യായ്‌ക ഉണ്ടായി. ഒന്നാംകാലശേഷം കുട്ടന്‍മാരാരായിരുന്നു മേളം കൊട്ടിമുഴുമിപ്പിച്ചത്.
ആ വര്‍ഷത്തെ വിളക്കിന്റെ മേളം മുതല്‍ തൃക്കേട്ടമേളം കുട്ടന്‍മാരാരുടെ കൈകളില്‍ ഭദ്രമായിരുന്നു. തൃപ്പൂണിത്തുറയിലെ തൃക്കേട്ട പുറപ്പാട് മേളത്തിന് ഏറെ പ്രാധാന്യമുണ്ട്. ചെണ്ടയും കുറുംകുഴലും കൊമ്പും ഇലത്താളവുമൊക്കെയായി 120 ഓളം കലാകാരന്മാരാണ് മേളത്തില്‍ പങ്കെടുക്കുക.
ഇക്കുറി ഉത്സവമേളം മുഴുവനായും പെരുവനത്തിനെ ഏല്‍പ്പിക്കാനായിരുന്നു ദേവസ്വത്തിന്റെ തീരുമാനം. എന്നാല്‍ കുട്ടന്‍മാരാര്‍ തൃക്കേട്ടമേളം മാത്രം ഏല്‍ക്കുകയായിരുന്നു. കുട്ടന്‍മാരാരുടെ അഭാവത്തില്‍ പെരുവനം സതീശന്‍ മാരാര്‍ക്കാണ് തൃക്കേട്ടമേളത്തിന്റെ പ്രമാണം. സതീശന്‍ മാരാരുടെ മേളം തീരുമാനിച്ചിരുന്ന 24ന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാരും ചേരാനല്ലൂരിന്റെ മേളം ഉറപ്പിച്ചിരുന്ന ഇന്ന് പെരുവനം പ്രകാശന്‍ മാരാരും പ്രകാശന്റെ മേളം തീരുമാനിച്ചിരുന്ന സമാപനദിവസമായ 26 ന് തേരൊഴി രാമക്കുറുപ്പും മേളപ്രമാണിത്തം വഹിക്കും.












