ന്യുദല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അനുദിനമെന്നോണം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജമ്മുകാശ്മീരിലും ഹരിയാനയിലും ദല്‍ഹിയിലും മാത്രമല്ല, പാക്കിസ്ഥാനിലും തുര്‍ക്കിയിലും ഈ ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതായാണ് കരുതപ്പെടുന്നത്. പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം ഭീകര സംഘടനകള്‍ക്ക് ചെങ്കോട്ട ആക്രമണവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍. ആക്രമണത്തില്‍ ചാവേറായ ഭീകരന്‍ കശ്മീര്‍ സ്വദേശിയാണെന്നും, ഇയാള്‍ക്ക് പലതരത്തിലുള്ള പിന്തുണ അവിടെ നിന്നു ലഭിച്ചിരുന്നതായും അന്വേഷണം സംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കുടുംബത്തില്‍പ്പെട്ട ചിലര്‍ക്കും ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഉമര്‍ നബി ഉപയോഗിച്ചിരുന്ന ഫോണ്‍ നശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഇയാളുടെ സഹോദരന് കൈമാറിയിരുന്നു. ഈ ഫോണ്‍ കണ്ടെടുത്തത് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുകയാണ്.
ചെങ്കോട്ട ഭീകരാക്രമണത്തില്‍ നിന്ന് ആശങ്കാജനകമായമൂന്ന് സന്ദേശങ്ങള്‍ വ്യക്തമാണ്. ആക്രമണം നടത്തിയ സംഘത്തില്‍പ്പെട്ട ഡോക്ടര്‍മാര്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. ഭീകരവാദത്തിന്റെ വേരുകള്‍ ഇവിടെ നിന്ന് അറ്റുപോയിട്ടില്ല. ഭരണമാറ്റത്തെ തുടര്‍ന്ന് കാശ്മീരില്‍ സംജാതമായ രാഷ്‌ട്രീയ സാഹചര്യം ഭീകരവാദികള്‍ക്ക് അനുകൂലമായിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നു പോലും സാമ്പത്തിക സഹായം ലഭിക്കുന്നതായാണ് വെളിപ്പെടുന്നത്. ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണിത്.
ദല്‍ഹി ഭീകരാക്രമണത്തില്‍ മരിച്ചത് 12 പേരാണ്. ഇതില്‍ ചിലര്‍ ഭീകരവാദികളാണെന്ന് കരുതപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസ് നടത്തുന്നതു പോലുള്ള വ്യാപകമായ ആക്രമണമാണ് ഭീകരവാദികള്‍ ലക്ഷ്യമിട്ടത്. ഇതിനുവേണ്ടിയാണ് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചത്. ഇത് കണ്ടെടുക്കാന്‍ കഴിഞ്ഞതും, ഭീകര സംഘത്തില്‍പ്പെട്ട ചിലരെ പിടികൂടിയതുമാണ് ആസൂത്രണം ചെയ്തതു പോലുള്ള ആക്രമണം നടത്താന്‍ ഭീകരതക്ക് കഴിയാതെ പോയത്. താനും ഉടന്‍ പിടിയിലാകുമെന്ന് ഭയന്നാണ് ഉമര്‍ നബി ചാവേറായി പൊട്ടിത്തെറിച്ചത്. ഏറെ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്ന ആക്രമണം മുന്‍കൂട്ടി ചെറുക്കാന്‍ കഴിഞ്ഞത് അന്വേഷണ ഏജന്‍സികളുടെ വിജയമാണ്.
ഹരിയാനയിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയാണ് ആക്രമണം ആസൂത്രണം ചെയ്ത ഭീകരര്‍ ഡോക്ടര്‍മാരായി ജോലി ചെയ്തിരുന്നത്. ഇസ്ലാമിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതികളാണ് ഈ സര്‍വകലാശാല അനുവര്‍ത്തിച്ചതെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന്, ഭീകരരുമായി തങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ എന്ന നിലയ്‌ക്കുള്ള ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ അവകാശപ്പെട്ടെങ്കിലും അത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇസ്ലാമിക മതമൗലിക വാദത്തെ പാലൂട്ടി വളര്‍ത്തുന്ന പല കാര്യങ്ങളുമാണ് അവിടെ നടന്നിരുന്നതെന്ന വിവരങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു.
അറസ്റ്റിലായ ഡോക്ടര്‍മാര്‍ക്കും ചാവേറായ ഉമര്‍ നബിക്കും പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ഭീകര സംഘടനയുടെ ഫരീദാബാദ് മൊഡ്യൂളിലെ പ്രധാനിയായ ഡോ. ഷഹീന്‍ ഷാഹിദിന് മറ്റൊരു പാക് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബയുമായി ബന്ധമുള്ളതിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തി. സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ഏകോപിപ്പിച്ചത് ഈ ഭീകര വനിതയാണെന്നും, മൂന്നു പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇവര്‍ പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആതുരസേവനം നടത്തേണ്ട ഡോക്ടറാണ് ഇവരെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. നമുക്കുചുറ്റും മാന്യതയുടെ മുഖംമൂടി ധരിച്ച് നടക്കുന്ന പലരും മനസ്സുകൊണ്ട് ജിഹാദികളാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഭാരതത്തിനകത്തും പുറത്തും നടക്കുന്ന പല ഭീകരാക്രമണങ്ങളുടെയും കേരളബന്ധം ഇതിനുമുന്‍പും ചര്‍ച്ചയായിട്ടുള്ളതാണ്. ഹരിയാന ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയുടെ ഉടമസ്ഥതയുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് കേരളത്തില്‍ പല ജില്ലകളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മദ്രസകളും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകളുടെ സജീവ സാന്നിധ്യവും, കേരളത്തില്‍ അധികാരം കയ്യാളുന്നവര്‍ ഇവരോട് കാണിക്കുന്ന മൃദു സമീപനവും അങ്ങേയറ്റം ആശങ്കാജനകമാണ്. ദല്‍ഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും വലിയ ജാഗ്രത ആവശ്യമുണ്ടെന്നര്‍ത്ഥം.
















