കര്‍ഷക ക്ഷേമത്തിന്റെ പതിനൊന്ന് വര്‍ഷങ്ങള്‍
രാജ്യത്തെ കര്‍ഷകര്‍ക്ക് യാതൊരു പരിഗണനയും കൊടുക്കാത്ത സര്‍ക്കാരുകള്‍ ഭരിച്ച പതിറ്റാണ്ടുകളില്‍ നിന്ന് കര്‍ഷകനെ പരിഗണിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്കുള്ള മാറ്റമാണ് കഴിഞ്ഞ പതിനൊന്ന് വര്‍ഷം ദൃശ്യമായത്. 2013-14 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2025-26 വര്‍ഷത്തില്‍ കാര്‍ഷിക മേഖലയ്‌ക്കായി നീക്കിവെച്ച തുകയില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. കര്‍ഷകന്‍ അന്നദാതാക്കളാണെന്ന് പറയുക മാത്രമല്ല, സര്‍ക്കാര്‍ പ്രവര്‍ത്തികൊണ്ട് കാണിച്ചുതരികയും ചെയ്തു.
വിത്ത് മുതല്‍ വിപണി വരെ
കാര്‍ഷിക മേഖലയ്‌ക്ക് സമഗ്ര പിന്തുണ നല്‍കുന്ന വിത്ത് മുതല്‍ വിപണി വരെ എന്ന സമീപനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അത്യുത്പാദനശേഷിയുള്ള വിത്തുകളും വെള്ളവും വളവും അവരിലേക്ക് എത്തിച്ചു. കുറഞ്ഞ പലിശയ്‌ക്ക് വായ്‌പകള്‍ നല്‍കി. തരിശായി കിടന്ന മണ്ണില്‍ കൃഷിയിറക്കാന്‍ ആത്മവിശ്വാസമേകി. മിനിമം താങ്ങുവില പടിപടിയായി ഉയര്‍ത്തി. പ്രകൃതിക്ഷോഭങ്ങളാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കി വിതരണം ചെയ്തു. ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങള്‍ തുറന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് എത്താന്‍ ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കി. കര്‍ഷകരുടെ ഓരോ പ്രശ്നങ്ങളും കണ്ടറിഞ്ഞ് പരിഹരിക്കപ്പെട്ടു. ഫലമോ പതിനൊന്ന് വര്‍ഷം കൊണ്ട് ഉത്പാദനം കുതിച്ചുയര്‍ന്നു.
പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് നേരിട്ടുള്ള വരുമാന പിന്തുണ ഉറപ്പാക്കി. എല്ലാ വര്‍ഷവും 6,000 രൂപ വീതം പത്ത് കോടി കര്‍ഷകരിലേക്ക് എത്തിക്കുന്നു. ഏഴ് കോടിയിലധികം കര്‍ഷകര്‍ക്കായി 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വായ്‌പാ പരിധി മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമാക്കി. ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകള്‍ ലഭ്യമാക്കുന്നതിനുള്ള ദേശീയ ദൗത്യത്തിനായി നൂറു കോടി രൂപയാണ് നീക്കിവെച്ചത്. 1.8 ലക്ഷത്തിലധികം കിസാന്‍ സമൃദ്ധി ഏകജാലക കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത് കര്‍ഷകര്‍ക്ക് കൈയെത്തും ദൂരെ ആധുനിക സൗകര്യങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നു. 25 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയ്‌ക്കായി 2021-26 വര്‍ഷത്തേക്ക് 93,000 കോടി രൂപ നീക്കിവെച്ചു. പിഎം ധന്‍ധാന്യ കൃഷി യോജനയിലൂടെ നൂറു ജില്ലകളിലായി 1,7 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നു.
നാരീശക്തിക്ക് പുതിയ ഉണര്‍വ്
നാരീശക്തി വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന് കരുത്തുപകരണമെന്ന കാഴ്ചപ്പാടിലൂന്നിയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മണ്ണ് മുതല്‍ വിണ്ണ് വരെ എല്ലാ മേഖലകളിലും ഇന്ന് സ്ത്രീ പങ്കാളിത്തം വര്‍ധിച്ചിരിക്കുന്നു.
പ്രധാനമന്ത്രി ആവാസ് യോജന മുതല്‍ ലക്ഷാധിപതി ദീദി വരെയുള്ള എണ്ണമില്ലാത്ത പദ്ധതികള്‍ നാരീശക്തിക്ക് വേണ്ടിയായിരുന്നു. സാമൂഹികവും സാമ്പത്തികവുമായി സ്ത്രീകളെ ശാക്തീകരിക്കുകയായിരുന്നു ഇത്തരം പദ്ധതികളുടെ ലക്ഷ്യം. പിഎം ആവാസ് യോജന ഗുണഭോക്താക്കളില്‍ 73 ശതമാനം വനിതകളാണ്.
ഗാര്‍ഹിക ടോയ്ലറ്റുകള്‍ നിര്‍മിച്ച് ലക്ഷക്കണക്കിന് വനിതകളുടെ അന്തസ് ഉയര്‍ത്തി. ഉജ്വല യോജനയിലൂടെ 10.33 കോടിയിലധികം ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കി. ഇതിലൂടെ സ്ത്രീകളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെട്ടു. സ്ത്രീകള്‍ക്ക് 14.72 ലക്ഷം കോടി രൂപയുടെ 35.38 കോടി മുദ്രാ ലോണുകളാണ് ലഭ്യമാക്കിയത്. പത്ത് കോടി സ്ത്രീകളെ 90 ലക്ഷത്തിലധികം സ്വയംസഹായസംഘങ്ങളില്‍ അണിനിരത്തി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്ന് കോടി ലക്ഷാധിപതി ദീദിമാരെ സൃഷ്ടിക്കാനാണ് ലക്ഷാധിപതി ദീദി ലക്ഷ്യമിടുന്നത്.
പെണ്‍കുഞ്ഞുങ്ങള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മിഷന്‍ പോഷന്‍ 2.0 നടപ്പാക്കുന്നു. ഇന്ദ്രധനുഷ് ദൗത്യത്തിലൂടെ 1.32 കോടി ഗര്‍ഭിണികള്‍ക്ക് 12 രോഗങ്ങള്‍ക്കെതിരെ കുത്തിവെപ്പ് നല്‍കി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 5.46 കോടി കുട്ടികളും പദ്ധതിയുടെ ഭാഗമായി. പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ഒരു രൂപ നിരക്കില്‍ 77 കോടിയിലധികം സാനിറ്ററി പാഡുകള്‍ വിതരണം ചെയ്തു. പ്രധാനമന്ത്രി മാതൃ വന്ദന യോജനപ്രകാരം 3.98 കോടി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി 18,593 കോടി രൂപ വിതരണം ചെയ്തു. പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന് കീഴില്‍ ആറ് കോടിയിലധികം സൗജന്യ പ്രസവ പൂര്‍വ പരിശോധനകള്‍ നടത്തി. ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ചു. 2023 ആവുന്നതോടെ മാതൃമരണനിരക്ക് 80 ആയി കുറഞ്ഞു. ലിംഗാനുപാതത്തിലും പുരോഗതിയുണ്ടായി 2014ല്‍ 1,000 പുരുഷന്മാര്‍ക്ക് 918 സ്ത്രീകള്‍ എന്നത് 2024ല്‍ 1,020 ആയി വര്‍ദ്ധിച്ചു.
മുസ്ലീം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നു.
സിന്ദൂര ശക്തികള്‍
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ വനിതകള്‍ക്ക് പ്രവേശനം നല്‍കി. സൈനിക് സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്കായി തുറന്നിട്ടു. വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍ നിയമനം നല്‍കി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാരുള്ള രാജ്യം ഭാരതമാണ്. സ്ത്രീകള്‍ നയിക്കുന്ന വികസനമെന്ന വിഷയം ജി20 വേദിയില്‍ കൊണ്ടുവരാനും മോദി സര്‍ക്കാറിനായി.
കൃഷിയിടത്തില്‍ ഡ്രോണുകള്‍ പറത്തുന്നവര്‍ മുതല്‍ അതിര്‍ത്തിയില്‍ അത്യാധുനിക തോക്കുകളുമേന്തി കാവല്‍ നില്‍ക്കുന്ന വനിതകള്‍ വരെ നീളുന്ന പട്ടിക ഇന്ന് രാജ്യത്തിന് അഭിമാനമാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിന് നല്‍കിയ കനത്ത തിരിച്ചടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ടതിലൂടെ ഭീകരര്‍ ആരുടെ സിന്ദൂരമാണോ മായ്ച്ചത്, ആരുടെ കണ്ണീരാണോ വീഴ്‌ത്തിയത്, അതിനുള്ള മറുപടിയായി. ഈ വിവരം ലോകത്തെ അറിയിക്കാന്‍ രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ചതും മറ്റൊരു മറുപടി കൂടിയായി.
















