ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനായി സുപ്രധാന സ്ഥാപനങ്ങള്‍, തിരക്കേറിയ ഇടങ്ങള്‍ എന്നിവ ഭീകരസംഘം ലക്ഷ്യമിടുന്നതായാണ് വിവരം. തുടര്‍ന്ന് ജമ്മുകശ്മീരിലുടനീളം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 14ന് പുല്‍വാമയിലെ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടതിന് സമാനമായ രീതിയില്‍ താഴ്വരയില്‍, പ്രത്യേകിച്ച് ദക്ഷിണ കശ്മീരില്‍ ആക്രമണം നടത്താനാണ് ജെയ്‌ഷെ ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിനായി പാക് ഭീകരസംഘടനയായ ഐഎസ്‌ഐയുടെ പൂര്‍ണ പിന്തുണ ജെയ്‌ഷെയ്‌ക്കുണ്ടെന്നാണ് സൂചന.
ജമ്മുകശ്മീരില്‍ മാത്രമല്ല, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും ജെയ്ഷെ ഭീകരര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരസംഘടനയുടെ പദ്ധതികള്‍ പരാജയപ്പെടുത്തുന്നതിനായി ജമ്മുകശ്മീരില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള എല്ലാ നിര്‍ണായക പ്രദേശങ്ങളിലും സുരക്ഷാസേനയുടെ പട്രോളിങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹൈവേകളിലൂടെയും മറ്റ് പ്രധാന റോഡുകളിലൂടെയും കടന്നുപോകുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കൂടാതെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ വിവരങ്ങളും തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
















