അമരാവതി: ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയില്‍ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് വനിതാ ഭീകരരുമുണ്ട്. ഇതില്‍ ഒരാള്‍ മേതുരി ജോഖ റാവു എന്ന ശങ്കര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകാകുളം സ്വദേശിയായ ശങ്കര്‍ ആന്ധ്ര ഒഡീഷ ബോര്‍ഡറിലെ പ്രധാന നേതാവായിരുന്നു എന്ന് ആന്ധ്ര ഇന്റലിജന്‍സ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ പറഞ്ഞു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
നക്‌സല്‍ നേതാവ് മാധ്‌വി ഹിദ്മയെ വധിച്ചതിന് പിന്നാലെയാണ് ഓപ്പറേഷന്‍ കൂടുതല്‍ ശക്തമാക്കിയത്. അതേ ജില്ലയിലെ ജി.എം. വലസയ്‌ക്ക് സമീപമുള്ള വനത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ആന്ധ്രാ ഒഡീഷ ബോര്‍ഡറിലെ സിപിഐ സെന്‍ട്രല്‍ കമ്മിറ്റി അംഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഉന്നത മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ എന്ന മേതുരി ജോഖ റാവു.
നമ്പാലയുടെ മുന്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജ്യോതി എന്ന സരിത, സുരേഷ് എന്ന രമേശ്, ലോകേഷ് എന്ന ഗണേഷ്, സൈനു എന്ന വാസു, അനിത, ഏരിയ കമ്മിറ്റി അംഗം ഷമ്മി എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ട മറ്റ് മാവോയിസ്റ്റുകള്‍. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറ് പേരില്‍ ഉന്നത കമാന്‍ഡര്‍ മാദ്‌വി ഹിദ്മയും ഭാര്യ മഡകം രാജയും ഉള്‍പ്പെടുന്നു. നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ കേന്ദ്ര കമ്മിറ്റി അംഗവും സൗത്ത് ബസ്തര്‍ ബറ്റാലിയന്‍ കമാന്‍ഡന്റുമായിരുന്നു ഹിദ്മ, ഇയാളുടെ ഭാര്യ ഛത്തീസ്ഗഢ് സോണല്‍ കമ്മിറ്റി അംഗമായിരുന്നു.
















