കൊല്ലം: കമ്മീഷണര്‍ ഓഫീസില്‍ ആത്മഹത്യ ഭീഷണി മുഴക്കി പൊലീസുകാരി. കിളിക്കൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനെ മര്‍ദിച്ച കേസില്‍ ആരോപണ വിധേയായ എഎസ്‌ഐ സജീലയാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.
മൂന്ന് വര്‍ഷമായി തനിക്ക് എതിരെ പ്രതികാര നടപടി തുടരുന്നുവെന്നാണ് എഎസ്‌ഐ സജീലയുടെ പരാതി. കമ്മീഷണര്‍ എത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
കിളിക്കൊല്ലൂര്‍ സ്റ്റേഷനില്‍ എത്തി സജീല ,രാഷ്‌ട്രീയ പകപോക്കല്‍ തനിക്ക് എതിരെ സേനയ്‌ക്ക് ഉള്ളില്‍ നടക്കുവെന്ന് ആരോപിച്ച് ദേഷ്യപ്പെട്ടു. തുടര്‍ന്ന് വൈകിട്ടോടെ പെട്രോളുമായി കമ്മീഷണര്‍ ഓഫീസില്‍ എത്തി ആത്മഹത്യ ഭീഷണി മുഴക്കി.
പൊലീസ് ഉദ്യോഗസ്ഥര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും സജീല വഴങ്ങിയില്ല. തുടര്‍ന്ന് എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും കമ്മീഷണറെ കാണണമെന്ന നിര്‍ബന്ധത്തിലായിരുന്നു സജീല.
ഒടുവില്‍ കമ്മീഷണര്‍ കിരണ്‍ നാരായണന്‍ എത്തി സജീലയോട് സംസാരിച്ചതോടെയാണ് ആത്മഹത്യ ശ്രമത്തില്‍ നിന്ന് അവര്‍ പിന്‍ വാങ്ങിയത്. സേനയിലെ സംഘടന നേതാക്കള്‍ മൂന്ന് വര്‍ഷമായി തന്നെ വേട്ടയാടുന്നുവെന്നും ഇതിന് പരിഹാരം വേണമെന്നും സജീല ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതോടെയാണ് സജീല മടങ്ങിയത്.
















