തിരുവനന്തപുരം: ആഴിമലയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ യുവാവിനെ കാണാനില്ലെന്ന് പരാതി.കഴിഞ്ഞ ഞായറാഴ്ച ആഴിമലയിലെത്തിയ സംഘത്തിലെ അസം സ്വദേശി മിഥുന്‍ ദാസി(29)നെ കാണാനില്ലെന്ന് പറഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.കോതമംഗലത്തെ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയാണ് മിഥുന്‍ ദാസ്.
മിഥുന്‍ ദാസ് ഉള്‍പ്പെടെ 17 അംഗ തൊഴിലാളി സംഘം 16ന് വിനോദ സഞ്ചാരത്തിനായി ആഴിമല എത്തിയിരുന്നു. മടങ്ങുമ്പോള്‍ മിഥുനെ കാണാത്തതിനെ തുടര്‍ന്ന് പരിസരത്തു തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.
തിരികെ ജോലിസ്ഥലത്ത് എത്തുമെന്നു കരുതി മറ്റുളളവര്‍ മടങ്ങി. എന്നാല്‍ കോതമംഗലത്ത് എത്തിയിട്ടും മിഥുന്‍ എത്താത്തതിനാലാണ് പരാതി നല്‍കിയതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
യുവാവിനെ ക്ഷേത്ര പരിസരത്ത് നിന്നു കാണാതായെന്നാണ് സംഘം പറയുന്നത്. അതിനിടെ, ഈ ദിവസം ആഴിമല കടലില്‍ ഒരാള്‍ വീഴുന്നതു കണ്ടുവെന്ന് ദൃക്‌സാക്ഷികളില്‍ നിന്ന് വിവരം ലഭിച്ച പൊലീസ് മൂന്ന് ദിവസങ്ങളായി തിരച്ചില്‍ നടത്തി വരുകയാണ്. കോസ്റ്റല്‍ പൊലീസും തെരച്ചില്‍ നടത്തുന്നുണ്ട്.
ആഴിമല ശിവക്ഷേത്രത്തിന് പിന്നിലുളള പാറക്കെട്ടില്‍ താഴെയുളള പാറയില്‍നിന്ന് സെല്‍ഫിയെടുക്കുന്ന യുവാവിനെ കണ്ടിരുന്നെന്ന് പ്രദേശവാസി പൊലീസിനെ അറിയിച്ചു. കുറച്ചു നേരം പാറയില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് മൊഴി. ഇത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും സ്ഥലത്ത് തെരച്ചില്‍ നടത്തുന്നത്.
















