പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ ബീഹാറില്‍ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ഷോക്കോസ് നോട്ടീസ് ലഭിച്ച 43 മുതിര്‍ന്ന നേതാക്കളില്‍ പലരും വിശദീകരണം നല്‍കില്ലെന്ന നിലപാടിലാണ്. നവംബര്‍ 21 നകം വിശദീകരണം നല്‍കണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അച്ചടക്ക സമിതി പ്രസിഡന്റ് കപില്‍ ദേവ് പ്രസാദ് യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനകം രേഖാമൂലമുള്ള വിശദീകരണം ലഭിച്ചില്ലെങ്കില്‍ ആറ് വര്‍ഷത്തേക്ക് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ പുറത്താക്കിയാല്‍ അത് അഭിമാനമായി കരുതുമെന്നാണ് ചില നേതാക്കള്‍ പ്രതികരിച്ചത്.
മുന്‍ മന്ത്രി വീണ ഷാഹി, എ.ഐ.സി.സി അംഗം മധുരേന്ദ്ര കുമാര്‍ സിംഗ്, മുന്‍ സംസ്ഥാന യൂണിറ്റ് ജനറല്‍ സെക്രട്ടറി കൈസര്‍ ഖാന്‍, മുന്‍ എം.എല്‍.എ സുധീര്‍ കുമാര്‍, മുന്‍ എം.എല്‍.സി അജയ് കുമാര്‍ സിംഗ് എന്നിവര്‍ നോട്ടീസ് ലഭിച്ചവരില്‍ പെടുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടുമായി പൊരുത്തപ്പെടാത്ത പരസ്യ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയെന്നും ഇത് തിരഞ്ഞെടുപ്പ് കാലയളവില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നുമാണ് ആരോപണം.
















